ഇന്ത്യയുടെ ആവശ്യം ഓസ്‌ട്രേലിയ തള്ളുന്നു, 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും 

14 ദിവസത്തെ ക്വാറന്റൈന്‍ എന്നതില്‍ ഇളവ് വേണം എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു
ഇന്ത്യയുടെ ആവശ്യം ഓസ്‌ട്രേലിയ തള്ളുന്നു, 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും 

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തുന്ന ഇന്ത്യന്‍ കളിക്കാര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കണം എന്ന ബിസിസിഐയുടെ ആവശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളുന്നു. 14 ദിവസത്തെ ക്വാറന്റൈന്‍ എന്നതില്‍ ഇളവ് വേണം എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇളവ് നല്‍കില്ലെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമമായ മോണിങ് ഹെറാല്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കോവിഡ് കാലത്ത് നടന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ എല്ലാം ടീമുകള്‍ രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ പാലിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിലെ ബയോ ബബിളില്‍ നിന്നാണ് ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോവുന്നത്. ഇതിനൊപ്പം 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടി വരിക എന്നത് കളിക്കാരെ ഉലയ്ക്കാന്‍ ഇടയുണ്ട്. 

ഇന്ത്യന്‍ ടീം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ക്യൂന്‍സ് ലാന്‍ഡ് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ഉറപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച കളിക്കാര്‍ ഹോട്ടല്‍ മുറിയില്‍ കഴിയുന്നത് നിരാശപ്പെടുത്തുന്നതാണെന്ന് ഈ വര്‍ഷം ജൂലൈയില്‍ ഗാംഗുലി പറഞ്ഞിരുന്നു. 23-25 അംഗങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘമാണ് ഓസ്‌ട്രേലിയയിലേക്ക് പറക്കുക. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, സപ്പോര്‍ട്ട് സ്റ്റാഫ്, പരിശീലകന്‍ രവി ശാസ്ത്രി എന്നിവര്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് മുന്‍പ് ദുബായില്‍ എത്തും. ഇവിടെ ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് മുന്‍പ് 6 ദിവസത്തെ ക്വാറന്റൈന്‍ പാലിക്കും. ടെസ്റ്റ് പരമ്പരക്ക് മുന്‍പ് ഏകദിന, ട്വന്റി20 പരമ്പരകളാവും നടത്തുക എന്നും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com