പ്ലേഓഫ് ഉറപ്പിക്കാന്‍ വേണ്ടത് 7 ജയം, എന്നാല്‍ പഞ്ചാബിന് ഇനി 5 ജയം കൂടി മതിയാവും; കണക്കിലെ കളി ഇങ്ങനെ

നിലവില്‍ നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ 5 കളിയില്‍ ജയിച്ചാല്‍ പോലും പഞ്ചാബിന് പ്ലേഓഫ് തൊടാം
പ്ലേഓഫ് ഉറപ്പിക്കാന്‍ വേണ്ടത് 7 ജയം, എന്നാല്‍ പഞ്ചാബിന് ഇനി 5 ജയം കൂടി മതിയാവും; കണക്കിലെ കളി ഇങ്ങനെ

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും, ആര്‍സിബിയും ഒഴികെയുള്ള ടീമുകള്‍ ആറ് മത്സരം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ സമയം ആറ് കളിയില്‍ നിന്ന് അഞ്ച് ജയവും ഒരു തോല്‍വിയുമായി ഡല്‍ഹിയാണ് പോയിന്റ് ടേബിളില്‍ മുന്‍പില്‍. ആറ് കളിയില്‍ നിന്ന് 1 ജയം മാത്രമായി പഞ്ചാബ് ഏറ്റവും താഴെയും. 

ഈ സമയം പ്ലേ ഓഫിലെത്താന്‍ എത്ര ജയമാണ് ടീമുകള്‍ക്ക് വേണ്ടത് എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. അഞ്ച് തോല്‍വിയിലേക്ക് വീണു കഴിഞ്ഞ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സാധ്യതകള്‍ അവസാനിക്കുകയാണ് എന്നും തോന്നിയേക്കാം. എന്നാല്‍ അങ്ങനെയല്ല. നെറ്റ്‌റണ്‍റേറ്റ് നോക്കുമ്പോള്‍ ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള ആര്‍സിബിയേക്കാള്‍ മുന്‍തൂക്കം പഞ്ചാബിനുണ്ട്. 

ആറ് പോയിന്റുണ്ടെങ്കിലും -1.355 ആണ് ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ്. ഇനി വിജയ വഴിയില്‍ തിരിച്ചെത്താനായാല്‍ പഞ്ചാബിന് മുന്‍പില്‍ സാധ്യതകളുണ്ടെന്ന് വ്യക്തം. ഏഴ് കളിയില്‍ ജയം, അല്ലെങ്കില്‍ ഏഴ് കളിയില്‍ തോല്‍വി എന്നത് വെച്ചാണ് കഴിഞ്ഞ 12 സീസണുകളിലായി ഐപിഎല്ലിലെ പ്ലേഓഫിലെത്തുന്ന ടീമുകളെ നിശ്ചയിക്കുന്നത്. 

2015ലും 2018ലും മാത്രമാണ് നെഗറ്റീവ് നെറ്റ്‌റണ്‍റേറ്റ് ഉള്ള ടീമുകള്‍ പ്ലേഓഫില്‍ കടന്നത്. 2015ല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് അതില്‍ ഒരു ടീമും. 2018ല്‍ നെഗറ്റീവ് നെറ്റ് റണ്‍റേറ്റുമായി പ്ലേഓഫീല്‍ കടന്നത് രാജസ്ഥാന്‍ റോയല്‍സും. 2019ല്‍ കൊല്‍ക്കത്തയും ഹൈദരാബാദും ആറ് ജയം വീതമായി ഒപ്പത്തിനൊപ്പം നിന്നപ്പോഴും പ്ലേഓഫ് സ്ഥാനം നിര്‍ണയിച്ചത് നെറ്റ് റണ്‍റേറ്റ് ആണ്. 

ഇനിയുള്ള 9 കളിയില്‍ ആറെണ്ണം ജയിച്ചാല്‍ പഞ്ചാബിന് പ്ലേഓഫ് സാധ്യത സജീവമാക്കാം. നിലവില്‍ നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ 5 കളിയില്‍ ജയിച്ചാല്‍ പോലും പഞ്ചാബിന് പ്ലേഓഫ് തൊടാം. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത ടീമുകള്‍ക്ക് പോസിറ്റീവ് നെറ്റ്‌റണ്‍റേറ്റാണ് ഉള്ളത്. പിന്നെ വരുന്ന അഞ്ച് ടീമുകളില്‍ പഞ്ചാബിന്റേതാണ് മികച്ച രണ്ടാമത്തെ നെറ്റ്‌റണ്‍റേറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com