ഒന്നാമൻ മുംബൈ തന്നെ; ഡൽഹിയെ അഞ്ച് വിക്കറ്റിന് തകർത്ത് കുതിപ്പ്

ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം രണ്ടുപന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു
ഒന്നാമൻ മുംബൈ തന്നെ; ഡൽഹിയെ അഞ്ച് വിക്കറ്റിന് തകർത്ത് കുതിപ്പ്

അബുദാബി; ഡൽഹി ക്യാപിറ്റൽസിനെതിരെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം രണ്ടുപന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ പോയന്റ് പട്ടികയില്‍ മുംബൈ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 

163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം മോശമായിരുന്നു. ഒരു വശത്ത് മനോഹരമായ ഷോട്ടുകളുമായി ഡി കോക്ക് കളം നിറഞ്ഞപ്പോള്‍ മറുവശത്ത് രോഹിത്തിന് താളം കണ്ടെത്താനായില്ല. രോഹിത്ത് 12 പന്തില്‍ നിന്നും വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത് മടങ്ങി. രോഹിത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഡി കോക്കിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

33 പന്തുകളില്‍ നിന്നും ഡി കോക്ക് അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ഉടന്‍ തന്നെ ഡി കോക്കിനെ പുറത്താക്കി അശ്വിന്‍ കളി ഡല്‍ഹിയ്ക്ക് അനുകൂലമാക്കി. 36 പന്തുകളില്‍ നിന്നും 53 റണ്‍സാണ് താരമെടുത്തത്. ഡി കോക്ക് പുരത്തായതോടെ ആക്രമണത്തിന്റെ ചുമതല സൂര്യകുമാര്‍ യാദവ് ഏറ്റെടുത്തു. 30 ബോളുകളില്‍ നിന്നും സൂര്യകുമാര്‍ അര്‍ധശതകം നേടി. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും മികച്ച പ്രകടനം കാഴ്ചവെച്ചു. 

എന്നാൽ സൂര്യ കുമാർ പുറത്തായത് മുംബൈയ്ക്ക് പ്രഹരമായി. ഇഷാന്‍ കിഷനും ഹാര്‍ദിക്കിന് ശേഷം ക്രീസിലെത്തിയ പൊള്ളാര്‍ഡും ചേര്‍ന്ന്  ഇന്നിങ്‌സ് കരകയറ്റി. 28 റണ്‍സെടുത്ത കിഷന്‍ മടങ്ങിയെങ്കിലും മുംബൈ വിജയം ഉറപ്പിച്ചിരുന്നു. അവസാനം പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചു. ഡൽഹിയ്ക്ക് വേണ്ടി റബാദ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ, സ്റ്റോയിനിസ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. ഡൽഹിയ്ക്ക് വേണ്ടി ധവാൻ അർധ സെഞ്ച്വറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും മികച്ച പ്രകടനം കാഴ്ചവെച്ചു. 

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ധവാനും ശ്രേയസും മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ഇരുവരും മൂന്നാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് ക്രുണാൽ പാണ്ഡ്യ വീണ്ടും കളി മുംബൈയ്ക്ക് അനുകൂലമാക്കി. ഇരുവരും ചേർന്ന് 85 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 33 പന്തുകളിൽ നിന്നും 42 റൺസെടുത്ത് ശ്രേയസ് പുറത്തായപ്പോൾ ഡൽഹി പരുങ്ങലിലായി.

എന്നാൽ ശ്രേയസ്സിന് ശേഷം ക്രീസിലെത്തിയ സ്റ്റോയിനിസ് അടിച്ചുതകർത്തതോടെ സ്‌കോർ വീണ്ടും കുതിച്ചു. ഇതിനിടയിൽ ധവാൻ അർധ സെഞ്ച്വറി നേടി. എന്നാൽ അനാവശ്യ റൺസിന് ശ്രമിച്ച് സ്‌റ്റോയിനിസ് റൺ ഔട്ട് ആയി. 13 റൺസാണ് സ്‌റ്റോയിനിസ് നേടിയത്.  

മധ്യ ഓവറുകളിൽ നന്നായി കളിച്ചെങ്കിലും അവസാന ഓവറുകളിൽ ആ ഫോം തുടരാൻ ഡൽഹിക്കായില്ല. ധവാന്റെ ഒറ്റയാൾ പോരാട്ടമാണ് സ്‌കോർ 160 കടത്തിയത്. താരം പുറത്താവാതെ 52 പന്തിൽ നിന്ന് 69 റൺസെടുത്തു. മുംബൈയ്ക്ക് വേണ്ടി ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രുണാൽ പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തപ്പോൾ ബോൾട്ട് ഒരു വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com