കാര്‍ത്തിക് ഇറക്കിയത് 7 ബാറ്റ്‌സ്മാന്മാരെ, കോഹ്‌ലി 7 ബൗളര്‍മാരേയും; ഷാര്‍ജയില്‍ ജയിച്ചത് ആര്‍സിബിയുടെ ചൂതാട്ടം 

നാല് മുന്‍നിര ബാറ്റ്‌സ്മാന്മാരും ഏഴ് ബൗളര്‍മാരുമായാണ് ഷാര്‍ജയില്‍ കൊല്‍ക്കത്തക്കെതിരെ കോഹ്‌ലി ഇറങ്ങിയത്
കാര്‍ത്തിക് ഇറക്കിയത് 7 ബാറ്റ്‌സ്മാന്മാരെ, കോഹ്‌ലി 7 ബൗളര്‍മാരേയും; ഷാര്‍ജയില്‍ ജയിച്ചത് ആര്‍സിബിയുടെ ചൂതാട്ടം 

ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ വലിയ മാര്‍ജിനില്‍ ആര്‍സിബി ജയം പിടിച്ചപ്പോള്‍ കയ്യടി കോഹ്‌ലിയുടെ തന്ത്രത്തിന്. നാല് മുന്‍നിര ബാറ്റ്‌സ്മാന്മാരും ഏഴ് ബൗളര്‍മാരുമായാണ് ഷാര്‍ജയില്‍ കൊല്‍ക്കത്തക്കെതിരെ കോഹ്‌ലി ഇറങ്ങിയത്. 

ഈ നാല് ബാറ്റ്‌സ്മാന്മാരും ചേര്‍ന്ന് ആര്‍സിബിയുടെ സ്‌കോര്‍ 194ല്‍ എത്തിച്ചപ്പോള്‍ തന്നെ ആദ്യ ഘട്ടത്തില്‍ കോഹ്‌ലി വിജയിച്ചു.  മറുവശത്ത് ദിനേശ് കാര്‍ത്തിക് ആവട്ടെ ഏഴ് ബാറ്റ്‌സ്മാന്മാരുമായി. എന്നാല്‍ എക്‌സ്ട്രാ ബാറ്റ്‌സ്മാന് പകരം ഒരു ബൗളറെ അധികം ഇറക്കിയ കോഹ്‌ലിയുടെ തന്ത്രമാണ് ഫലം കണ്ടത്. ആദ്യ ആറ് ഓവറില്‍ തന്നെ നാല് ബൗളര്‍മാര്‍ക്കാണ് കോഹ്‌ലി പന്ത് നല്‍കിയത്. ഇതിലൂടെ വിട്ടുകൊടുത്തത് 46 റണ്‍സ് മാത്രം. ഒരു വിക്കറ്റും വീഴ്ത്തി. 

മധ്യഓവറുകളില്‍ കോഹ്‌ലി തുടരെ ബൗളര്‍മാരെ മാറ്റിക്കൊണ്ടിരുന്നു. പിന്നെ വന്ന 8 ഓവറില്‍ 5 വിക്കറ്റ് കൂടി ആര്‍സിബി ബൗളര്‍മാര്‍ വീഴ്ത്തിയതോടെ കൊല്‍ക്കത്തക്ക് മേലുള്ള സമ്മര്‍ദം കൂടി. തുടരെ ഇടവേളകളില്‍ ആര്‍സിബി ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു, കോഹ്‌ലി തന്റെ ഇഷ്ടത്തിന് അനുസരിച്ച് ബൗളര്‍മാരെ മാറ്റുകയും ചെയ്തു. 

ടോം ബാന്റണ്‍, ഗില്‍, റസല്‍, ദിനേശ് കാര്‍ത്തിക്, മോര്‍ഗന്‍ എന്നിവര്‍ക്ക് ഷാര്‍ജയില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന വെല്ലുവിളി മറികടക്കാനാണ് ഏഴ് ബൗളര്‍മാരെ കോഹ്‌ലി ഇറക്കിയത്. 195 റണ്‍സ് ചെയ്‌സ് ചെയ്ത കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 112 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ഒരു ബൗളരെ കൊല്‍ക്കത്ത കുറച്ച് ഇറക്കിയതിലൂടെ ലഭിച്ച മുന്‍തൂക്കം ആര്‍സിബി മുതലെടുത്തു. ഏഴ് ബൗളര്‍മാരെ ഇറക്കിയുള്ള കോഹ് ലിയുടെ ചൂതാട്ടം വിജയിക്കുകയും ചെയ്തു. 

ബാറ്റ്‌സ്മാന്മാരെ തുണക്കുന്ന പിച്ചാണ് ഷാര്‍ജയിലേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വരണ്ട പിച്ചില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രയാസം നേരിട്ടതായി കോഹ്‌ലി ചൂണ്ടിക്കാണിച്ചു. ഡിവില്ലിയേഴ്‌സിന് മാത്രമാണ് ഇവിടെ മികവ് കാണിക്കാനായത് എന്നും, അതിമാനുഷികനാണ് അദ്ദേഹമെന്നും കോഹ് ലി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com