നിശബ്ദമായി മടങ്ങാന്‍ രാജസ്ഥാനും തയ്യാറല്ല, പഞ്ചാബിനെ പൂട്ടി; കരുത്ത്‌ കാണിച്ച്‌ സ്‌റ്റോക്ക്‌സും സഞ്‌ജുവും

സെഞ്ചുറിയോടെ ഫോം വീണ്ടെടുത്ത ബെന്‍ സ്‌റ്റോക്ക്‌സ്‌ പഞ്ചാബിനേയും പവര്‍പ്ലേയില്‍ ദയയില്ലാതെ പ്രഹരിച്ചതാണ്‌ രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്
നിശബ്ദമായി മടങ്ങാന്‍ രാജസ്ഥാനും തയ്യാറല്ല, പഞ്ചാബിനെ പൂട്ടി; കരുത്ത്‌ കാണിച്ച്‌ സ്‌റ്റോക്ക്‌സും സഞ്‌ജുവും


അബുദാബി: തുടരെ ആറാം ജയം തേടി പ്ലേഓഫ്‌ പിടിക്കാന്‍ ഇറങ്ങിയ കിങ്‌സ്‌ ഇലവന്‍ പഞ്ചാബിനെ തളച്ച്‌ രാജസ്ഥാന്‍ റോയല്‍സ്‌. ഒരിക്കല്‍ കൂടി ഗെയ്‌ലിന്റെ ബാറ്റിങ്‌ ബലത്തില്‍ കുതിച്ച പഞ്ചാബിനെ 200ന്‌ അപ്പുറം കടക്കാതെ ഒതുക്കിയ രാജസ്ഥാന്‍ ചെയ്‌സിങ്ങിലും ആധിപത്യം പുലര്‍ത്തി.

മുംബൈ ഇന്ത്യന്‍സിനെതിരായ സെഞ്ചുറിയോടെ ഫോം വീണ്ടെടുത്ത ബെന്‍ സ്‌റ്റോക്ക്‌സ്‌ പഞ്ചാബിനേയും പവര്‍പ്ലേയില്‍ ദയയില്ലാതെ പ്രഹരിച്ചതാണ്‌ രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്‌. 186 റണ്‍സ്‌ വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ മൂന്ന്‌ വിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ശേഷിക്കെ ജയം പിടിച്ചു.

26 പന്തില്‍ 50 റണ്‍സ്‌ അടിച്ചെടുക്കുകയും, രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തുകയും ചെയ്‌ത ബെന്‍ സ്റ്റോക്ക്‌സ്‌ ആണ്‌ കളിയിലെ താരം. 25 പന്തില്‍ നിന്ന്‌ മൂന്ന്‌ സിക്‌സും നാല്‌ ഫോറും അടിച്ച്‌ നിന്ന സഞ്‌ജു 48 റണ്‍സില്‍ നില്‍ക്കെ റണ്‍ഔട്ടായി. 20 പന്തില്‍ നിന്ന്‌ 5 ഫോറിന്റെ അകമ്പടിയോടെ 31 റണ്‍സ്‌ നേടി സ്‌മിത്തും, 22 റണ്‍സ്‌ നേടി ബട്ട്‌ലറും രാജസ്ഥാനെ അപകടങ്ങളില്ലാതെ ജയത്തിലേക്ക്‌ എത്തിച്ചു.

ജയത്തോടെ പോയിന്റ്‌ ടേബിളില്‍ രാജസ്ഥാന്‍ റോയല്‍സ്‌ 5ാം സ്ഥാനത്തേക്ക്‌ എത്തി. 13 കളിയില്‍ നിന്ന്‌ ആറ്‌ ജയവും ഏഴ്‌ തോല്‍വിയുമായി 12 പോയിന്റാണ്‌ ഇപ്പോള്‍ രാജസ്ഥാനുള്ളത്‌, തോറ്റെങ്കിലും നെറ്റ്‌ റണ്‍റേറ്റിന്റെ ബലത്തില്‍ പഞ്ചാബ്‌ നാലാം സ്ഥാനത്ത്‌ തുടരുകയാണ്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com