കനത്ത ചൂടിൽ കടുത്ത പരിശീലനം വേണ്ട; ഐപിഎൽ പോരാട്ടത്തിന് മുമ്പ് മുന്നറിയിപ്പുമായി പോണ്ടിം​ഗ് 

കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായ പരിശീലന രീതിയാണ് ഇക്കുറി ഡൽഹി ക്യാപിറ്റൽസിനായി ഒരുക്കിയിരിക്കുന്നതെന്ന് പോണ്ടിം​ഗ്
കനത്ത ചൂടിൽ കടുത്ത പരിശീലനം വേണ്ട; ഐപിഎൽ പോരാട്ടത്തിന് മുമ്പ് മുന്നറിയിപ്പുമായി പോണ്ടിം​ഗ് 

മാസം 19ന് തുടങ്ങാനിരിക്കുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി കൃത്യമായ പരിശീലന പദ്ധതിയാണ് മുഖ്യ പരിശീലകനായ റിക്കി പോണ്ടിംഗ് തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിലെത്തി ആറ് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ പോണ്ടിം​ഗ് ഇന്നലെ ടീം അം​ഗങ്ങളുമായി ആദ്യ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായ പരിശീലന രീതിയാണ് ഇക്കുറി ടീമിനായി ഒരുക്കിയിരിക്കുന്നതെന്ന് പോണ്ടിം​ഗ് പറഞ്ഞു. 

യുഎഇയിലെ കനത്ത ചൂട് പരിശീലനത്തെ ബാധിക്കുമെന്ന് വിലയിരുത്തിയ അദ്ദേഹം ഓരോ സെഷൻ അവസാനിച്ചതിന് ശേഷം ടീം എത്രത്തോളം രൂപപ്പെട്ടെന്ന് വിലയിരുത്തിയതിന് ശേഷമായിരിക്കും മുന്നോട്ടുപോകുക എന്നും പറഞ്ഞു. ആദ്യ മൂന്ന് ആഴ്ചകളിൽ അമിതമായി പരിശീലനത്തിൽ ഏർപ്പെടില്ലെന്നും ആദ്യ മത്സരത്തിനായി ശാരീരികമായി സാങ്കേതികമായും തന്ത്രപരമായും ടീം സജ്ജമാണെന്ന് തനിക്ക് ഉറപ്പുവരുത്തണമെന്നും പോണ്ടിം​ഗ് പറഞ്ഞു. 

"പതിവിൽ കൂടുതൽ സമയം ഇക്കുറി ലഭിച്ചിട്ടുണ്ട്. മൂന്ന് ആഴ്ചകളിൽ 20 ട്രെയിനിങ് സെഷനുകൾ നിശ്ചയിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ ഇത് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഓരോ സെഷൻ കഴിയുമ്പോഴും ടീം എത്രത്തോളം രൂപപ്പെട്ടെന്ന് വിലയിരുത്തും. അതിനുശേഷമായിരിക്കും മുന്നോട്ടുള്ള പരിശീലനങ്ങൾ ക്രമീകരിക്കുക", പോണ്ടിം​ഗ് പറഞ്ഞു. 

2012ന് ശേഷം ഡൽഹി ആദ്യമായി പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത് പോണ്ടിം​ഗിന്റെ പരിശീലനത്തിന് കീഴിലാണ്. കഴിഞ്ഞ വർഷത്തെ നേട്ടം ഇക്കുറിയും ആവർത്തിക്കുമെന്ന് ഉറപ്പാക്കുമെന്നാണ് പോണ്ടിം​ഗിന്റെ വാക്കുകൾ. പോസിറ്റീവ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് വളരെ പ്രധാനമാണെന്നും അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തെ നേട്ടം എങ്ങനെ സംഭവിച്ചു എന്ന് ടീം അം​ഗങ്ങളുമായി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ഡൽഹി ക്യാപിറ്റൽസിലെ പുതിയ താരങ്ങളായ രവിചന്ദ്രൻ അശ്വിനും അജിങ്ക്യ റഹാനെയും ടീമിന് കൂടുതൽ കരുത്ത് പകരുമെന്ന് പോണ്ടിം​ഗ് പറഞ്ഞു. ഇരുവരും മികച്ച കളിക്കാരാണെന്നും ദീർഘകാലത്തെ അനുഭവം ഉള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി20 മത്സരങ്ങളിൽ അനുഭവം എത്രത്തോളം പ്രധാനമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ഓർമ്മിപ്പിച്ച പോണ്ടിം​ഗ് അനുഭവസമ്പത്തുള്ള കളിക്കാരുടെയും ശ്രെയസ് അയ്യരെ പോലെ ചെറുപ്പക്കാരനായ ക്യാപ്റ്റന്റെയും സാന്നിദ്ധ്യം ടീമിന് ​ഗുണകരമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com