ധോനിയുമായി റിഷഭ് പന്ത് സ്വയം താരതമ്യപ്പെടുത്തി, മാനറിസങ്ങള്‍ പോലും പകര്‍ത്താന്‍ ശ്രമിച്ചത് തിരിച്ചടിയായി: എംഎസ്‌കെ പ്രസാദ്

'പന്തും പ്രതിഭാസമാണ്. കഴിവുണ്ട്. അതുകൊണ്ടാണ് നിന്നെ പിന്തുണക്കുന്നത് എന്ന് ഞങ്ങള്‍ പന്തിനോട് പറഞ്ഞിട്ടുണ്ട്'
ധോനിയുമായി റിഷഭ് പന്ത് സ്വയം താരതമ്യപ്പെടുത്തി, മാനറിസങ്ങള്‍ പോലും പകര്‍ത്താന്‍ ശ്രമിച്ചത് തിരിച്ചടിയായി: എംഎസ്‌കെ പ്രസാദ്

മുംബൈ: ധോനിയുമായി റിഷഭ് പന്ത് സ്വയം താരതമ്യപ്പെടുത്തി കൊണ്ടിരുന്നതാണ് തിരിച്ചടിയായതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. പന്ത് ഓരോ ചുവട് വെക്കുമ്പോഴും ധോനിയുമായി താരതമ്യപ്പെടുത്തിക്കൊണ്ടിരുന്നു. ആ സന്തോഷ വലയത്തിനുള്ളില്‍ അകപ്പെട്ട് പോവുകയായിരുന്നു പന്ത് എന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്ന് കരകയറി വരണം എന്ന് ഞങ്ങള്‍ പന്തിനോട് പറഞ്ഞിരുന്നു. മഹിയുടേത് തികച്ചും വ്യത്യസ്തമായ വ്യക്തിത്വമാണ്. പന്തും വ്യത്യസ്തനാണ്. പന്തും പ്രതിഭാസമാണ്. കഴിവുണ്ട്. അതുകൊണ്ടാണ് നിന്നെ പിന്തുണക്കുന്നത് എന്ന് ഞങ്ങള്‍ പന്തിനോട് പറഞ്ഞിട്ടുണ്ട്, സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

ധോനിയുടെ നിഴലിന് കീഴിലായിരുന്നു എല്ലായ്‌പ്പോഴും പന്ത്. ധോനിയെ പകര്‍ത്താന്‍ പന്ത് ശ്രമിച്ചു, മാനറിസങ്ങളില്‍ ഉള്‍പ്പെടെ. പന്ത് ചെയ്ത കാര്യങ്ങള്‍ നോക്കിയാല്‍ അത് മനസിലാവും. പന്തിന്റെ ഭാഗ്യത്തിന് ധോനി ഇപ്പോള്‍ വിരമിച്ചിരിക്കുന്നു. ഇനി ധോനിയുടെ നിഴലില്‍ നിന്ന് പുറത്ത് വന്ന് മെച്ചപ്പെട്ട് കൂടുതല്‍ മികച്ച കളിക്കാരനാവാന്‍ പന്തിനാവും...

കൂടുതല്‍ മികവിലേക്ക് ഉയരാനുള്ള പ്രാപ്തി പന്തിനുണ്ടെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയയില്‍ സെഞ്ചുറിയുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ സെഞ്ചുറിയുള്ള ഇന്ത്യയുടെ ഏക വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. അത് സാധ്യമായ ഒരാള്‍ക്ക് കഴിവുണ്ടെന്ന് വ്യക്തമാണ്...എംസ്‌കെ പ്രസാദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com