തോല്‍ക്കുമെന്ന് ഉറച്ചിട്ടും പറത്തിയത് മൂന്ന് സിക്‌സ്, അതിലൊന്ന് വന്ന് വീണത് ഷാര്‍ജയിലെ നിരത്തിലേക്ക്

സഞ്ജുവിന്റേയും ഡുപ്ലസിസിന്റേയും എണ്ണം പറഞ്ഞ സിക്‌സുകള്‍ക്കൊപ്പം ആരാധകരെ ത്രില്ലടിപ്പിച്ചാണ് ധോനിയുടെ ബാറ്റില്‍ നിന്ന് ആ മൂന്ന് സിക്‌സുകള്‍ പറന്നത്
തോല്‍ക്കുമെന്ന് ഉറച്ചിട്ടും പറത്തിയത് മൂന്ന് സിക്‌സ്, അതിലൊന്ന് വന്ന് വീണത് ഷാര്‍ജയിലെ നിരത്തിലേക്ക്

ഷാര്‍ജ: ഐപിഎല്ലിലെ നാലാമത്തെ മാത്രം ദിവസം നടന്ന മത്സരത്തില്‍ റെക്കോര്‍ഡുകള്‍ പലതും ഷാര്‍ജയില്‍ തിരുത്തിയെഴുതപ്പെട്ടു. 40 ഓവറില്‍ 416 റണ്‍സ് ആണ് ചെന്നൈയും രാജസ്ഥാനും ചേര്‍ന്ന് അടിച്ചു കൂട്ടി എടുത്തത്. സഞ്ജുവിന്റേയും ഡുപ്ലസിസിന്റേയും എണ്ണം പറഞ്ഞ സിക്‌സുകള്‍ക്കൊപ്പം ആരാധകരെ ത്രില്ലടിപ്പിച്ചാണ് ധോനിയുടെ ബാറ്റില്‍ നിന്ന് ആ മൂന്ന് സിക്‌സുകള്‍ പറന്നത്. 

ചെന്നൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 38 റണ്‍സ്. ടോം കറാന്‍ എറിഞ്ഞ ആദ്യ രണ്ട് ഡെലിവറിയിലും ചെന്നൈയുടെ സിംഗിള്‍. പിന്നെ വേണ്ടത് നാല് പന്തില്‍ 36 റണ്‍സ്. ജയസാധ്യതയില്ലാതിരുന്നിട്ടും അവിടെ തുടരെ മൂന്ന് സിക്‌സുകള്‍ പായിച്ചാണ് ധോനി നയം വ്യക്തമാക്കിയത്. 

ആദ്യ രണ്ട് സിക്‌സും ഡീപ്പ് മിഡ് വിക്കറ്റിലൂടെ. മൂന്നാമത്തേത് ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ. അതിലൊന്ന് വന്ന് വീണത് ഷാര്‍ജയിലെ റോഡുകളിലൊന്നിലേക്കാണ്. 92 മീറ്റര്‍ പറന്നാണ് ഗ്രൗണ്ടിന് പുറത്ത് നിരത്തിലേക്ക് ധോനിയുടെ സിക്‌സ് വന്ന് വീണത്. 

സഞ്ജുവിന്റെ മികവില്‍ രാജസ്ഥാന്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തിയതോടെയാണ് സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈക്ക് അടി തെറ്റിയത്. അവസാന 10 ഓവറില്‍ 85 റണ്‍സ് അടിച്ചെടുത്തെങ്കിലും 16 റണ്‍സ് തോല്‍വിയിലേക്ക് ചെന്നൈ വീണു. 

യുവതാരം യശസ്വ ജയ്‌സ്വാളിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും സ്റ്റീവ് സ്മിത്തും സഞ്ജുവും ചേര്‍ന്ന് അടിച്ച് തകര്‍ക്കുകയായിരുന്നു. 47 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും പറത്തിയാണ് സ്മിത്ത് 69 റണ്‍സ് നേടിയത്. 32 പന്തില്‍ നിന്ന് ഒരു ഫോറും 9 സിക്‌സും നേടിയാണ് 231 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലെ സഞ്ജുവിന്റെ ഇന്നിങ്‌സ്. 

അവസാന ഓവറുകളില്‍ 8 പന്തില്‍ നിന്ന് നാല് സിക്‌സുകളോടെ 27 റണ്‍സ് അടിച്ചെടുത്ത് ആര്‍ച്ചറും ചെന്നൈയെ പ്രഹരിച്ചു. അതേ നാണയത്തില്‍ തിരിച്ചടിച്ചായിരുന്നു ഡുപ്ലസിസിന്റെ കളി. 37 പന്തില്‍ ഏഴ് സിക്‌സുകളോടെ 72 റണ്‍സ് ആണ് ഡുപ്ലസിസ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com