മുംബൈ: ടി20യിൽ മികച്ച പ്രഹര ശേഷിയുള്ള ബാറ്റ്സ്‌മാൻമാരുടെ പട്ടികയിൽ ഇംഗ്ലണ്ടിൻറെ ജോസ് ബട്‌ലർ ആദ്യ സ്ഥാനങ്ങളിൽ തന്നെയുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായാണ് ഈ സീസണിലും ബട്‌ലർ കളിക്കുന്നത്. ഇന്ന് പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്റെ ഈ സീസണിലെ ആദ്യ പോരാട്ടം.
അതിനിടെ രാജസ്ഥാനായി കളിക്കാനിറങ്ങാനിരിക്കെ തൻറെ വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ. ഐപിഎല്ലിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയ താരമെന്ന നേട്ടം സ്വന്തമാക്കണം എന്നാണ് ബട്‌ലർ പറയുന്നത്.
പുനെ വാരിയേഴ്‌സിനെതിരെ 2013ൽ ഒരിന്നിങ്സിൽ 17 സിക്‌സറുകൾ പറത്തിയ കരീബിയൻ വെടിക്കെട്ടു വീരൻ ക്രിസ് ഗെയ്‌ലിൻറെ പേരിലാണ് നിലവിൽ റെക്കോർഡുള്ളത്. അന്ന് ഗെയ്‌ൽ 63 പന്തിൽ നേടിയ 175 റൺസ് ഇന്നും ഐപിഎല്ലിലെ ഉയർന്ന വ്യക്തിഗത സ്‌കോറാണ്.
എംഎസ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരെ കളിക്കുന്നത് ആവേശകരമാണെന്ന് ബട്‌ലർ പറയുന്നു. ഏപ്രിൽ 19നാണ് ചെന്നൈയെ രാജസ്ഥാൻ നേരിടുന്നത്. ചെന്നൈയിലുള്ള ഇംഗ്ലീഷ് സഹതാരം മൊയീൻ അലിയെ നേരിടാൻ വളരെ ആകാംക്ഷയിലാണ് എന്നും ബട്‌ലർ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ 58 മത്സരങ്ങൾ കളിച്ച് പരിചയമുള്ള ബട്‌ലർ 1714 റൺസ് നേടിയിട്ടുണ്ട്. 11 അർധ ശതകങ്ങൾ സ്വന്തമാക്കിയ താരത്തിന്റെ 95* ആണ് ഉയർന്ന സ്‌കോർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക