'ആരും ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടില്ല'; കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ ബിസിസിഐ ഇടപെടല്‍ തള്ളി പനേസര്‍

ബിസിസിഐ ബ്ലാക്ക്‌മെയില്‍ ചെയ്തതിന് തുടര്‍ന്നാണ് പിന്മാറ്റം എന്ന ആരോപണം ഉയര്‍ന്നതോടെയാണ് പനേസറുടെ പ്രതികരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറിയതിന് പിന്നില്‍ ബിസിസിഐയുടെ ഇടപെടല്‍ ഇല്ലെന്ന് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ബിസിസിഐ ബ്ലാക്ക്‌മെയില്‍ ചെയ്തതിന് തുടര്‍ന്നാണ് പിന്മാറ്റം എന്ന ആരോപണം ഉയര്‍ന്നതോടെയാണ് പനേസറുടെ പ്രതികരണം. 

എന്നെ ആരും ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടില്ല. എനിക്ക് ചില നിര്‍ദേശങ്ങള്‍ ലഭിച്ചു. പ്രത്യാഘാതങ്ങളെ കുറിച്ച് എനിക്ക് മനസിലായി. പിന്മാറാനുള്ളത് എന്റെ തീരുമാനമാണ്, അതിനാല്‍ മറ്റ് സംസാരങ്ങള്‍ അവസാനിപ്പിക്കൂ, പനേസര്‍ പറഞ്ഞു. 

കശ്മീര്‍ വിഷയത്തെ ചൊല്ലി ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി നേരത്തെ പനേസര്‍ പറഞ്ഞിരുന്നു. ഇതിനിടയിലേക്ക് വരാന്‍ എനിക്ക് താത്പര്യമില്ല. അതെന്നെ അസ്വസ്ഥപ്പെടുത്തും, പനേസര്‍ ട്വിറ്ററില്‍ കുറിച്ചു. 

ഓഗസ്റ്റ് ആറ് മുതല്‍ 17 വരെയാണ് ലീഗ്. ആറ് ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്. കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനെത്തുന്നവരെ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളില്‍ നിന്നും വിലക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ആര് കളിക്കാന്‍ വരുന്നു എന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. എന്നാല്‍ പാക് അധിനിവേശ കശ്മീരില്‍ വെച്ച് നടക്കുമ്പോള്‍ അത് ഞങ്ങള്‍ക്ക് വിഷയമാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കരുതെന്ന് പറഞ്ഞ് ബിസിസിഐ ഭീഷണിപ്പെടുത്തുകയാണെന്ന് സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ഗിബ്‌സ് പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com