ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണിലെ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിക്കുമ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കാനെത്തും. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചു. ഇതിനായി ഇംഗ്ലണ്ട്-ബംഗ്ലാദേശ് വൈറ്റ് ബോള്‍ പരമ്പര മാറ്റി വെച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സെപ്തംബര്‍ 19നാണ് ഐപിഎല്‍ പുനരാരംഭിക്കുന്നത്. സെപ്തംബര്‍-ഒക്ടോബറിലായാണ് ഇംഗ്ലണ്ടിന്റെ മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പര്യടനം. അടുത്ത വര്‍ഷം ആദ്യം നടത്തുന്ന വിധം ഈ പരമ്പര മാറ്റി വെക്കുന്നതിനാണ് ഇപ്പോള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ട് കളിക്കാരും യുഎഇയിലേക്ക് പറക്കും. ഇതിലൂടെ ബബിള്‍ ടു ബബിള്‍ യാത്ര സാധ്യമാവും. സെപ്തംബര്‍ 14നാണ് ടെസ്റ്റ് പരമ്പര അവസാനിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം ഐപിഎല്‍ ആരംഭിക്കും.
ഒക്ടോബറില്‍ ഇംഗ്ലണ്ട് പാകിസ്ഥാനില്‍ രണ്ട് ടി20കളുടെ മത്സരം കളിക്കുന്നുണ്ട്. ജോസ് ബട്ട്‌ലര്‍, ബെയര്‍സ്‌റ്റോ, ലിവിങ്‌സ്റ്റണ്‍, സാം കറാന്‍, ടോം കറാന്‍ എന്നിവരാണ് യുഎഇലേക്ക് പറക്കുന്ന പ്രധാന താരങ്ങള്‍. മാനസിക പ്രശ്‌നങ്ങള്‍ ചൂണ്ടി ഇടവേള എടുത്ത ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് ഐപിഎല്‍ കളിക്കുമോയെന്ന് വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക