ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിച്ച് ബംഗ്ലാദേശ്, മൂന്ന് തുടര്‍ ജയങ്ങളോടെ പരമ്പര നേട്ടം

4-1ന് വെസ്റ്റ് ഇന്‍ഡീസിനോട് ടി20 പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ വീണ്ടും നാണക്കേടിലേക്ക് വീണ് ഓസ്‌ട്രേലിയ
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ധാക്ക: 4-1ന് വെസ്റ്റ് ഇന്‍ഡീസിനോട് ടി20 പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ വീണ്ടും നാണക്കേടിലേക്ക് വീണ് ഓസ്‌ട്രേലിയ. ആദ്യ മൂന്ന് കളിയും ജയിച്ച് ബംഗ്ലാദേശ് 5 ടി20കളുടെ പരമ്പര സ്വന്തമാക്കി. 

വെള്ളിയാഴ്ച നടന്ന മൂന്നാമത്തെ ടി20യില്‍ 10 റണ്‍സിനാണ് ബംഗ്ലാദേശിന്റെ ജയം. ഓസ്‌ട്രേലിയക്കെതിരെ ആദ്യമായാണ് ബംഗ്ലാദേശ് ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ പരമ്പര നേട്ടം സ്വന്തമാക്കുന്നത്. നാലാം ടി20 ഇന്ന് നടക്കും. ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്.

മൂന്നാം ടി20യില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 127 റണ്‍സ്. ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മാത്യു വേഡ് മടങ്ങിയതോടെ സമ്മര്‍ദത്തിലേക്ക് വീണ ഓസ്‌ട്രേലിയ റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. 41 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ മക്‌ഡെര്‍മോട്ട് 14ാം ഓവറില്‍ പുറത്താവുമ്പോള്‍ 71 റണ്‍സ് മാത്രമാണ് ഓസ്‌ട്രേലിയയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. 

47 പന്തില്‍ നിന്നാണ് മിച്ചല്‍ മാര്‍ഷ് 51 റണ്‍സ് കണ്ടെത്തിയത്. ഇതോടെ വിക്കറ്റ് കയ്യിലുണ്ടായിട്ടും വിജയ ലക്ഷ്യം മറികടക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിഞ്ഞില്ല. വേഗത കുറഞ്ഞ ധാക്കയിലെ പിച്ചില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ചിരുന്ന മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് 18ാം ഓവറില്‍ നഷ്ടമായതാണ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായത്.  ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റന്‍ മഹ്മൂദുല്ല അര്‍ധ ശതകം കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com