2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ്‌; നീക്കങ്ങള്‍ ശക്തമാക്കി ഐസിസി 

2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്‍പോട്ട് പോവുന്നതെന്ന് ഐസിസി വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബായ്: ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമായി കൊണ്ടുവരാനുള്ള നീക്കങ്ങളുമായി മുന്‍പോട്ട് പോവുമെന്ന് ഐസിസി. 2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്‍പോട്ട് പോവുന്നതെന്ന് ഐസിസി വ്യക്തമാക്കി. 

ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഐസിസി വര്‍ക്കിങ് ഗ്രൂപ്പിനെ നിയോഗിച്ചു. യുഎസ്എയില്‍ 30 മില്യണ്‍ ക്രിക്കറ്റ് ആരാധകരാണ് ഉള്ളത്. ഒളിംപിക്‌സിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവിന് എന്തുകൊണ്ടും അനുയോജ്യമായ വേദിയാണ് ഇതെന്ന് ഐസിസി ചൂണ്ടിക്കാട്ടുന്നു. 

ഒളിംപിക്‌സില്‍ ഒരിക്കല്‍ മാത്രമാണ് ക്രിക്കറ്റ് മത്സര ഇനമായത്. 1900ലെ പാരിസ് ഒളിംപിക്‌സിലായിരുന്നു ഇത്. അന്ന് രണ്ട് ടീമുകള്‍ മാത്രമാണ് ക്രിക്കറ്റില്‍ മത്സരിച്ചത്, ബ്രിട്ടനും ഫ്രാന്‍സും. 2028ലേക്ക് എത്തുമ്പോഴേക്കും ഒളിംപിക്‌സില്‍ ക്രിക്കറ്റ് അവസാനമായി ഭാഗമായിട്ട് 128 വര്‍ഷം പിന്നിടും. 

ഒരു ബില്യണില്‍ അധികം ക്രിക്കറ്റ് ആരാധകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. അതില്‍ 90 ശതമാനവും ക്രിക്കറ്റ് ഒളിംപിക്‌സില്‍ വേണം എന്ന് ആഗ്രഹിക്കുന്നവരാണ്. ക്രിക്കറ്റിനോട് കടുത്ത അഭിനിവേശമുള്ള ആരാധകരുണ്ട്. പ്രത്യേകിച്ച് സൗത്ത് ഏഷ്യയില്‍. യുഎസ്എയില്‍ 30 മില്യണ്‍ ആരാധകരുണ്ട്. തങ്ങളുടെ ഹീറോസ് ഒളിംപിക്‌സ് മെഡലിനായി മത്സരിക്കുന്നത് കാണാന്‍ ഈ ആരാധകര്‍ക്ക് അവസരമാവും, ഐസിസി തലവന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.

അടുത്ത വര്‍ഷം ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഭാഗമാവും. ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ എങ്ങനെയാവും എന്ന് ഇതിലൂടെ വ്യക്തമാവും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇയാന്‍ വാട്‌മോറാണ് ഐസിസി ഒളിംപിക്‌സ് വര്‍ക്കിങ് ഗ്രൂപ്പ് അധ്യക്ഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com