ചെറുത്തു നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല; ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വിയുടെ നാണക്കേട്; ഇംഗ്ലണ്ടിന് ജയം

ചെറുത്തു നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല; ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വിയുടെ നാണക്കേട്; ഇംഗ്ലണ്ടിന് ജയം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയം പിടിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1ന് തുല്ല്യം.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 432 റണ്‍സെടുത്തു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 78 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍  278.  

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യയുടെ പോരാട്ടം 278 റണ്‍സില്‍ അവസാനിച്ചു. മികച്ച ചെറുത്തുനില്‍പ്പുമായി മൂന്നാം ദിനം കളംവിട്ട ഇന്ത്യയ്ക്ക് നാലാം ദിനത്തില്‍ പക്ഷേ ക്ഷണത്തില്‍ കാലിടറി.

നാലാം ദിനത്തില്‍ സെഞ്ച്വറിക്ക് അരികില്‍ നിന്ന പൂജാരയുടെ വിക്കറ്റ് വീഴ്ത്തി റോബിന്‍സനാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 189 പന്തില്‍ നിന്ന് 91 റണ്‍സ് എടുത്ത് നിന്ന പൂജാരയെ റോബിന്‍സന്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. ഷോട്ട് കളിക്കാതെ പാഡ് വെച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ് പൂജാരയുടെ വിക്കറ്റ് നഷ്ടപ്പെടുന്നതിന് ഇടയാക്കിയത്. 

പൂജാരയ്ക്ക് പിന്നാലെ കോഹ്‌ലിയും മടങ്ങി. പരമ്പരയിലെ ആദ്യ അര്‍ധ ശതകം കണ്ടെത്തിയതിന് പിന്നാലെയാണ് കോഹ്‌ലി കൂടാരം കയറിയത്. 125 പന്തില്‍ നിന്ന് 55 റണ്‍സ് എടുത്ത് നിന്ന കോഹ്‌ലിയെ റോബിന്‍സന്‍ റൂട്ടിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 

10 റണ്‍സ് എടുത്ത് നിന്ന രഹാനെയെ മടക്കി ആന്‍ഡേഴ്‌സനും ഇന്ത്യയെ വലിയ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഒരു റണ്‍സ് എടുത്ത് നിന്ന പന്തിന്റെ വിക്കറ്റും വീണു. പിന്നാലെ ലോഡ്‌സില്‍ അര്‍ധ ശതകം കണ്ടെത്തിയ മുഹമ്മദ് ഷമിയെ മൊയിന്‍ അലി കൂടാരം കയറ്റി.

25 പന്തില്‍ 30 റണ്‍സെടുത്ത് രവീന്ദ്ര ജഡേജ പ്രതീക്ഷ നല്‍കിയെങ്കിലും ആ ചെറുത്തുനില്‍പ്പും വെറുതെ ആയി. പിന്നീട് ചടങ്ങ് തീര്‍ക്കുന്ന ലാഘവത്തില്‍ കാര്യങ്ങള്‍ ഇംഗ്ലണ്ട് നടത്തി. ജസ്പ്രിത് ബുമ്‌റ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com