48 മണിക്കൂര്‍ സമയം നല്‍കിയിട്ടും കോഹ്‌ലി രാജി പ്രഖ്യാപിച്ചില്ല; 49ാമത്തെ മണിക്കൂറില്‍ ബിസിസിഐ ക്യാപ്റ്റനെ മാറ്റി

രാജി വെക്കുന്നതായുള്ള പ്രഖ്യാപനം നടത്താന്‍ വിരാട് കോഹ് ലിക്ക് ബിസിസിഐ 48 മണിക്കൂര്‍ സമയം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
രോഹിത്, വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
രോഹിത്, വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതായുള്ള പ്രഖ്യാപനം നടത്താന്‍ വിരാട് കോഹ് ലിക്ക് ബിസിസിഐ 48 മണിക്കൂര്‍ സമയം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ കോഹ് ലി ഇതിന് തയ്യാറാവാതിരുന്നതോടെ 49ാമത്തെ മണിക്കൂറില്‍ ബിസിസിഐ രോഹിത് ശര്‍മയെ ഏകദിന നായകനായി പ്രഖ്യാപിച്ചു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള താത്പര്യം കോഹ് ലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ മികവ് കാണിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കോഹ് ലിയെ മാറ്റുമെന്ന് ബിസിസിഐ വൃത്തങ്ങളും പ്രതികരിക്കുകയുണ്ടായി. ടി20 ലോകകപ്പില്‍ സെമി കാണാതെ ഇന്ത്യ പുറത്തായതോടെ വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ കോഹ് ലിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഇളകി. 

ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറുന്നതോടെ ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് കാണിക്കാനായേക്കും

മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള രാഹുല്‍ ദ്രാവിഡിന്റെ വരവും ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നിലുണ്ട്. വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍സിക്ക് പുറമെ ടെസ്റ്റിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രോഹിത്തിന് നല്‍കി. ഇതോടെ പുതിയ ഇന്ത്യയുടെ മാറ്റം എങ്ങനെയാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുന്നതോടെ ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് കോഹ് ലിയില്‍ നിന്ന് വരുമെന്ന വിലയിരുത്തലും ശക്തമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്ന് വന്നതിന് സമാനമായ പ്രകടനം കോഹ് ലിയില്‍ നിന്നും പ്രതീക്ഷിക്കാം എന്നാണ് പല മുന്‍ താരങ്ങളും അഭിപ്രായപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com