'സഹ താരങ്ങള്‍ ഞെട്ടിത്തരിച്ച് നിന്നു'- ധോനിയുടെ വരമിക്കല്‍ പ്രഖ്യാപനം അമ്പരപ്പിച്ചുവെന്ന് രവി ശാസ്ത്രി

'സഹ താരങ്ങള്‍ ഞെട്ടിത്തരിച്ച് നിന്നു'- ധോനിയുടെ വരമിക്കല്‍ പ്രഖ്യാപനം അമ്പരപ്പിച്ചുവെന്ന് രവി ശാസ്ത്രി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി 2014-15ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരായ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് കഴിഞ്ഞതിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പെട്ടെന്ന് ധോനി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ അന്നത്തെ ടീമില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. 

ധോനിയുടെ പ്രഖ്യാപനം ടീമിനെ ആകെ ഞെട്ടിച്ചുവെന്ന് ശാസ്ത്രി പറയുന്നു. അപ്രതീക്ഷിതമായാണ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും ശാസ്ത്രി വ്യക്തമാക്കി. 

'ധോനിയുടെ പിന്‍ഗാമിയായി ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് വിരാട് കോഹ്‌ലി ആണെന്ന കാര്യം എനിക്ക് ഉറപ്പുണ്ടായിരുന്നു. സമാന ചിന്ത തന്നെയായിരുന്നു ധോനിക്കും. തന്റെ പിന്‍ഗാമിയായി വരേണ്ട താരത്തെക്കുറിച്ച് ധോനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.' 

'വിരമിക്കല്‍ തീരുമാനം സ്വയം കൈക്കൊണ്ട ശേഷം ധോനി ഡ്രസിങ് റൂമില്‍ വച്ച് എന്നോട് പറഞ്ഞു. എനിക്ക് സഹ താരങ്ങളെ കണ്ട് ഒരു കാര്യം പറയാനുണ്ട്. അദ്ദേഹം എന്നോട് അത് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതം അറിയിച്ചു. ക്യാപ്റ്റനെ തിര!ഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വല്ല കാര്യവുമായിരിക്കും അദ്ദേഹത്തിന് പറയാനുള്ളത് എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ സഹ താരങ്ങളെ നിര്‍ത്തി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്ന കാര്യമാണ് പറഞ്ഞത്. അദ്ദേഹം ഇത് പറഞ്ഞപ്പോള്‍ ഞാന്‍ മറ്റ് താരങ്ങളുടെ മുഖത്തേക്കാണ് നോക്കിയത്. അവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണ് എംഎസിന്റെ രീതികള്‍'- ശാസ്ത്രി വ്യക്തമാക്കി. 

ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോഴും ധോനി ഏകദിന, ടി20 ടീമുകളുടെ നായക സ്ഥാനത്ത് പിന്നെയും തുടര്‍ന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15നാണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലും താരം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി കളത്തിലുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com