കരാർ ഒപ്പിട്ടാൽ ടീമിൽ നിൽക്കാം, ഇല്ലെങ്കിൽ പുറത്ത്! ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്കും രണ്ടാം ടീം ?

കരാർ ഒപ്പിട്ടാൽ ടീമിൽ നിൽക്കാം, ഇല്ലെങ്കിൽ പുറത്ത്! ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്കും രണ്ടാം ടീം ?
ഫയൽച്ചിത്രം
ഫയൽച്ചിത്രം

കൊളംബോ: ഇന്ത്യക്കെതിരായ പോരാട്ടത്തിൽ ശ്രീലങ്കയും രണ്ടാം നിര ടീമിനെ ഇറക്കാനുള്ള സാധ്യതകൾ തെളിയുന്നു. കളിക്കാരും ക്രിക്കറ്റ് ബോർഡും തമ്മിലുള്ള പ്രതിഫല തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് രണ്ടാം നിര ടീമിനെ കളിപ്പിക്കുന്ന കാര്യം സജീവമായി പരി​ഗണിക്കുന്നത്. 

ശ്രീലങ്കൻ പര്യടനത്തിനായി ബിസിസിഐ രണ്ടാം നിര ടീമിനെ അയച്ചുവെന്ന വിമർശനം നിലനിൽക്കെയാണ് ആതിഥേയരുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ പ്രമുഖ താരങ്ങൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പോയതുകൊണ്ടാണ് ശേഷിക്കുന്ന താരങ്ങളിൽ നിന്ന് ബിസിസിഐ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുത്തത്. പ്രതിഫല കാര്യത്തിൽ  ക്രിക്കറ്റ് ബോർഡുമായി ഉടക്കിയതിനെ തുടർന്ന് വാർഷിക കരാർ പുതുക്കാൻ ശ്രീലങ്കൻ താരങ്ങൾ ഇതുവരെ തയാറായിട്ടില്ല.

ഇന്ത്യയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽ കളിക്കാനുള്ള ഹ്രസ്വകാല കരാറിനും താരങ്ങൾ വിസമ്മതിച്ചാൽ രണ്ടാം നിര താരങ്ങളെ വച്ച് ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമെന്ന് ശ്രീലങ്കൻ ബോർഡ് സൂചന നൽകി. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. വാർഷിക കരാർ പുതുക്കാത്ത സാഹചര്യത്തിൽ ഒരു താത്കാലിക കരാർ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ടീമിനെ അയച്ചത്. ഇംഗ്ലണ്ട് പര്യടനം പൂർത്തിയാകുന്നതോടെ വാർഷിക കരാർ പുതുക്കുന്ന കാര്യത്തിൽ ബോർഡും താരങ്ങളും തമ്മിൽ യോജിപ്പിലെത്തുമെന്നാണ് പ്രതീക്ഷ. 

അതേസമയം, ഇതുവരെ ഇക്കാര്യത്തിൽ  കാര്യമായ നീക്കുപോക്കുണ്ടായിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനു സമാനമായി ഇനി താത്കാലിക കരാറിൽ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും കുറഞ്ഞപക്ഷം, സമ്പൂർണ പര്യടനത്തിനുള്ള കരാറിൽ ഒപ്പിട്ടാൽ മാത്രമേ ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കുകയുള്ളൂ എന്നുമാണ് ബോർഡിന്റെ നിലപാട്.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽനിന്ന് വിശ്വ ഫെർണാണ്ടോ ഉൾപ്പെടെ അഞ്ച് താരങ്ങൾ പിൻമാറിയതായി ശ്രീലങ്കൻ ബോർഡ് അറിയിച്ചിട്ടുണ്ട്. ബോർഡിന്റെ നിർദ്ദേശപ്രകാരം പര്യടന കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചാണ് ഇവരുടെ പിൻമാറ്റം. ഫെർണാണ്ടോയ്ക്കു പുറമെ ലസിത് എംബുൽദേനിയ, ലഹിരു കുമാര, ആഷൻ ബണ്ഡാര, കസൂൻ രജിത എന്നിവരാണ് പരമ്പരയിൽ നിന്ന് പിന്മാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com