ബ്രസീല്‍ ഫൈനലില്‍, പക്വേറ്റയുടെ ഗോളില്‍ പെറുവിനെ വീഴ്ത്തി 

സെമി ഫൈനലില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരുടെ ഫൈനല്‍ പ്രവേശനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയോ: കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഫൈനലില്‍. സെമി ഫൈനലില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരുടെ ഫൈനല്‍ പ്രവേശനം. 

തുടരെ രണ്ടാം മത്സരത്തിലും ലൂയി പക്വേറ്റയാണ് ബ്രസീലിനായി ഗോള്‍ വല ചലിപ്പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിക്കെതിരെ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് ജയം പിടിച്ചപ്പോഴും പാക്യൂറ്റയാണ് ഗോള്‍ വല ചലിപ്പിച്ചിരുന്നത്. പെറുവിനെതിരെ 35ാം മിനിറ്റിലാണ് ബ്രസീല്‍ ഫൈനല്‍ പ്രവേശനത്തിനുള്ള ഗോള്‍ ഉറപ്പിച്ചത്. 

സെമി ഫൈനലില്‍ തങ്ങളുടെ പ്രിയപ്പെട്ട 4-2-3-1 ശൈലിയിലേക്ക് മടങ്ങിയെത്തിയായിരുന്നു ബ്രസീലിന്റെ കളി. ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ രണ്ടാമത്തെ കളിയില്‍ പെറുവിനെ നേരിട്ടപ്പോള്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് ബ്രസീല്‍ ഇറങ്ങിയിരുന്നത്. അന്ന് എതിരില്ലാത്ത നാല് ഗോളിനാണ് പെറുവിനെ തകര്‍ത്തു വിട്ടത്. 

35ാം മിനിറ്റില്‍ നെയ്മറുടെ അസിസ്റ്റില്‍ നിന്നാണ് പക്വേറ്റ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ പെറു ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങിയതോടെ ടിറ്റേയുടെ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമായില്ല. 

71ാം മിനിറ്റില്‍ റിച്ചാര്‍ലിസനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് പെനാല്‍റ്റിക്കായി ബ്രസീല്‍ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി നിഷേധിച്ചു. രണ്ടാം പകുതിയില്‍ കളിയില്‍ വലിയ മാറ്റം പെറു കൊണ്ടുവന്നെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

83ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഗോള്‍ വല കുലുക്കാനുള്ള അവസരം പെറുവിന് മുന്‍പില്‍ തുറന്നിരുന്നു. എഡേഴ്‌സന് പിഴച്ചപ്പോള്‍ കാലെന്‍സിന് ഫ്രീ ഹെഡറിന് വഴി തുറന്നു. എന്നാല്‍ ഗോള്‍ വല കുലുക്കാതെ പന്ത് പുറത്തേക്ക് പോയതോടെ ബ്രസീല്‍ അതിജീവിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com