'ഐപിഎല്ലിനായി പോകുന്നത് ന്യായീകരിക്കാൻ അവർ പ്രയാസപ്പെടും'; ഓസീസ് താരങ്ങളുടെ കൂട്ട പിന്മാറ്റത്തിൽ ആരോൺ ഫിഞ്ച്

ഓസ്ട്രേലിയയുടെ വെസ്റ്റ് ഇൻഡീസ്, ബം​ഗ്ലാദേശ് പര്യടനങ്ങളിൽ നിന്ന് പിന്മാറിയ കളിക്കാർക്കെതിരെ വിമർശനവുമായി നായകൻ ആരോൺ ഫിഞ്ച്
ആരോണ്‍ ഫിഞ്ച്/ഫയല്‍ ചിത്രം
ആരോണ്‍ ഫിഞ്ച്/ഫയല്‍ ചിത്രം

സിഡ്നി: ഓസ്ട്രേലിയയുടെ വെസ്റ്റ് ഇൻഡീസ്, ബം​ഗ്ലാദേശ് പര്യടനങ്ങളിൽ നിന്ന് പിന്മാറിയ കളിക്കാർക്കെതിരെ വിമർശനവുമായി നായകൻ ആരോൺ ഫിഞ്ച്. ഏഴ് കളിക്കാരാണ് ഈ പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് പിന്മാറിയത്. 

ദേശിയ ടീമിന്റെ താത്പര്യത്തേക്കാൾ ഐപിഎല്ലിന് പ്രാധാന്യം നൽകി ടൂർണമെന്റ് കളിക്കാനായി പോവുമ്പോൾ അത് ന്യായീകരിക്കാൻ കളിക്കാർ വല്ലാതെ പ്രയാസപ്പെടും. വിൻഡിസും ബം​ഗ്ലാദേശിനും എതിരായ പരമ്പരകൾ പ്രധാനപ്പെട്ടവയാണ്. ടീമിനായി മികവ് കാണിക്കുന്നവരെയാവും ടി 20 ലോകകപ്പിനുള്ള ടീമിലേക്ക് പരി​ഗണിക്കുക എന്നും ഫിഞ്ച് വ്യക്തമാക്കി.

ടീമിൽ നിന്ന് വിട്ട് നിൽക്കാനുള്ള അവരുടെ തീരുമാനം ഞെട്ടിച്ചു. ഇവരുടെ അഭാവത്തിൽ പല യുവ കളിക്കാർക്കും ടീമിലേക്ക് എത്താനായി. ഇനി വരുന്ന പരമ്പരകളിൽ മികവ് കാണിച്ചാൽ ടി20 ലോകകപ്പിലേക്ക് ഇവരെയാവും പരി​ഗണിക്കുക എന്നും ഫിഞ്ച് പറഞ്ഞു. കൈമുട്ടിലെ പരിക്കിനെ തുടർന്നാണ് സ്മിത്തിന് ഇടവേള അനുവദിച്ചത് എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. 

ഡേവിഡ് വാർണർ, ​ഗ്ലെൻ മാക്സ് വെൽ, സ്റ്റൊയ്നിസ്, ഡാനിയൻ സാംസ്, കെയ്ൻ റിച്ചാർഡ്സൻ, കമിൻസ്, ജേ റിച്ചാർഡ്സൻ എന്നിവരാണ് വിൻഡിസ്, ഓസീസ് പര്യടനങ്ങളിൽ നിന്ന് പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് പിന്മാറ്റം എന്നാണ് കളിക്കാർ നിലപാടെടുത്തത്. കളിക്കാരുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെങ്കിലും അവരുടെ തീരുമാനത്തെ മാനിക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.

ജൂലൈയിലാണ് ഓസ്ട്രേലിയയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം. 5 ടി20യും മൂന്ന് ഏകദിനവും ടീം ഇവിടെ കളിക്കും. ഇതിന് പിന്നാലെ ബം​ഗ്ലാദേശ് പര്യടനവും. സെപ്തംബർ 19നാണ് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ദുബായിൽ ഓസ്ട്രേലിയൻ കളിക്കാർ ഐപിഎൽ കളിക്കാനായി എത്തുമോയെന്നതും ആകാംക്ഷ ഉണർത്തുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com