'ബൂമ്രയെ ടീമിലെടുത്തത് ഖ്യാതി കണക്കാക്കി, ഫോമില്ലായ്മ അവ​ഗണിച്ചു': മുൻ താരത്തിന്റെ വിമർശനം

ബൂമ്രയുടെ നിലവിലെ ഫോം നോക്കാതെ ഖ്യാതി കണക്കാക്കിയാണ് ടീമിലേക്ക് തെരഞ്ഞെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു
ബൂമ്ര/ഫയല്‍ ചിത്രം
ബൂമ്ര/ഫയല്‍ ചിത്രം

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബൂമ്രയെ സെലക്ടർമാർ ഉൾപ്പെടുത്തിയത് ഫോം നോക്കിയല്ലെന്ന് മുൻ വിക്കറ്റ് കീപ്പറും നാഷണൽ സെലക്ടറുമായിരുന്ന സാബാ കരിം. ബൂമ്രയുടെ നിലവിലെ ഫോം നോക്കാതെ ഖ്യാതി കണക്കാക്കിയാണ് ടീമിലേക്ക് തെരഞ്ഞെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. 

ബൂമ്രയുടെ നിലവിലെ ഫോമിലേക്ക് സെലക്ടർമാർ ശ്രദ്ധ കൊടുത്തതായി എനിക്ക് തോന്നുന്നില്ല. പകരം അവർ ഒരുപരിധി വരെ ബൂമ്രയുടെ ഖ്യാതിയാണ് പരി​ഗണിച്ചത്. ഓസ്ട്രിലയയിൽ വെച്ച് പരിക്കേറ്റത് മുതൽ ബൂമ്ര റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ല. ടി20 മാത്രമാണ് അടുത്തിടെ ബൂമ്ര കളിച്ചത്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ബൂമ്ര കളിച്ചിരുന്നില്ല. റെഡ് ബോൾ ക്രിക്കറ്റിൽ ഫോമില്ലാതെ പ്രയാസപ്പെടുന്നതിനൊപ്പം വേണ്ട പരിശീലനവും ബൂമ്ര നടത്തിയിട്ടില്ല, സാബാ കരീം പറഞ്ഞു. 

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ബൂമ്ര ചെന്നൈയിൽ കളിച്ചിരുന്നു. ഇവിടെ നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ഇത് അവ​ഗണിച്ചാണ് സാബാ കരീമിന്റെ പരാമർശം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു പരിധി വരെ താളം കണ്ടെത്താൻ ബൂമ്രയ്ക്ക് സാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിങ്സിൽ താളം വീണ്ടെടുക്കുന്നത് പോലെ ബൂമ്ര തോന്നിച്ചു. എന്നാൽ ഭാ​ഗ്യം തുണച്ചില്ല. അവിടേയും റെഡ് ബോൾ ക്രിക്കറ്റിൽ വേണ്ട ലെങ്ത് കണ്ടെത്താൻ ബൂമ്രയ്ക്ക് കഴിഞ്ഞില്ല, പ്രത്യേകിച്ച് അനുകൂലമായ കാലാവസ്ഥയിൽ. ഇത് ആശങ്ക ഉയർത്തുന്ന കാര്യമാണ്. ഇനി വരുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി പരിഹാരം കാണേണ്ടതുണ്ടെന്നും സാബാ കരീം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com