റൊണാൾഡോയുടെ റെക്കോർഡിന് ഇനിയും കാത്തിരിക്കണം; നിലവിലെ ചാമ്പ്യന്മാർ ക്വാർട്ടർ കാണാതെ പുറത്ത്, ചെക്കിന് അട്ടിമറി ജയം

യൂറോ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചു​ഗൽ പുറത്ത്
നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച ചെക്കിന്റെ ആഹ്ലാദപ്രകടനം/ എപി
നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച ചെക്കിന്റെ ആഹ്ലാദപ്രകടനം/ എപി

സെവിയ്യ:യൂറോ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചു​ഗൽ പുറത്ത്. പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചു‌​ഗലിനെ തോൽപിച്ച് ബെൽജിയം ക്വാർട്ടർ ഫൈനലിൽ കടന്നു. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ബെൽജിയത്തിന്റെ വിജയം. 42-ാം മിനിറ്റിൽ തോർഗൻ ഹസാർഡാണ് വിജയഗോൾ നേടിയത്.  മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി ചെക്ക് റിപ്പബ്ലിക് ക്വാർട്ടറിൽ പ്രവേശിച്ചു. നെതർലൻഡ്സിന്റെ ​ഗോൾവല രണ്ടു തവണ ചലിപ്പിച്ചാണ് ചെക്ക് അട്ടിമറി വിജയം നേടിയത്. പാട്രിക് ഷിക്കും തോമസ് ഹോളെഷുമാണ് വിജയ ​ഗോളുകൾ നേടിയത്. ക്വാർട്ടറിൽ ചെക്ക് ഡെന്മാർക്കിനെ നേരിടും.

രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ  ഒന്നാമതെത്തുന്നതു കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് താരത്തിന്റെ മടക്കം. 109 ഗോളുകളുമായി ഇറാന്റെ അലി ദേയിക്കൊപ്പം നിൽക്കുകയാണ് ഇപ്പോൾ ക്രിസ്റ്റ്യാനോ.  42-ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള ഉജ്വല ഷോട്ടിലൂടെയാണ് തോർഗൻ ഹസാർഡ് ബെൽജിയത്തെ മുന്നിലെത്തിച്ചത്. ഗോളിനു 25 വാര അകലെ നിന്നു പന്തു കിട്ടിയ തോമസ് മ്യൂനിയർ അതു നേരെ തോർഗനു നൽകി. രണ്ടു ടച്ചുകൾക്കു ശേഷം തോർഗൻ തൊടുത്ത ഷോട്ട് പോർച്ചുഗൽ ഗോൾകീപ്പർ റൂയി പാട്രീഷ്യോയുടെ കയ്യിലുരസി വലയിലേക്കു പോയി. 

കളിയുടെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ തുടർ മുന്നേറ്റങ്ങളുമായി പോർച്ചുഗൽ എതിർ ഗോൾമുഖം റെയ്ഡ് ചെയ്തെങ്കിലും ബൽജിയം പിടിച്ചു നിന്നു. 83-ാം മിനിറ്റിൽ റാഫേൽ ഗുറെയ്റോയുടെ ഷോട്ട് പോസ്റ്റിലിടിച്ചതും പോർച്ചുഗലിനു ദൗർഭാഗ്യമായി. ക്വാർട്ടറിൽ ഇറ്റലിയാണു ബൽജിയത്തിന്റെ എതിരാളികൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com