കോവി‍ഡ് പോരാട്ടത്തിന് ലഭിക്കേണ്ട കരുതലും വിഭവങ്ങളും കവരുമെങ്കിൽ ടി20 ലോകകപ്പ് മാറ്റിവെക്കണം: പാറ്റ് കമിൻസ്

ഇന്ത്യയിൽ വെച്ച് ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ലെങ്കിൽ വേദി മാറ്റണം
പാറ്റ് കമിന്‍സ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
പാറ്റ് കമിന്‍സ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് എത്തേണ്ട ശ്രദ്ധയും കരുതലും മറ്റുമെല്ലാം ടി20 ലോകകപ്പിന് വേദിയാവുന്നതിലൂടെ ഇല്ലാതാവുമെങ്കിൽ ലോകകപ്പിന്റെ വേദി മാറ്റണമെന്ന് ഓസീസ് പേസർ ബാറ്റ് കമിൻസ്. ഇന്ത്യയിൽ വെച്ച് ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ലെങ്കിൽ വേദി മാറ്റണം. എന്നാൽ ഇനിയും ആറ് മാസം ലോകകപ്പിനായി മുൻപിലുണ്ടെന്നും കമിൻസ് ചൂണ്ടിക്കാണിച്ചു. 

ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നത് സുരക്ഷിതമാണോ എന്നതാണ് ഒന്നാമത്തെ ചോദ്യം, അതിന് ഉത്തരമാവേണ്ടതുണ്ട്. നിലവിൽ ഇന്ത്യൻ ജനതയ്ക്ക് നല്ലത് എന്താണോ അത് ഇന്ത്യൻ ഭരണകൂടവുമായി ചേർന്ന് ക്രിക്കറ്റ് അധികൃതർ ചെയ്യുകയാണ് വേണ്ടത്. ടി20 ലോകകപ്പ് യുഎഇയിൽ നടത്താമെന്നും കമിൻസ് അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ വർഷം ദുബായിൽ നടന്ന ഐപിഎൽ മികച്ചതായിരുന്നു. എന്നാൽ ലക്ഷക്കണക്കിന് ആളുകൾ പറഞ്ഞത് ഐപിഎൽ ഇന്ത്യയിൽ വെച്ച് നടത്തണമായിരുന്നു എന്നാണ്. അങ്ങനെ വരുമ്പോൾ എന്താണ് നമ്മൾ ചെയ്യേണ്ടത്? രണ്ട് വശവും നോക്കണം. വിദ​ഗ്ധ നിർദേശങ്ങൾ സ്വീകരിച്ചതിന് ശേഷമാണ് അവർ ഇവിടെ ഐപിഎൽ നടത്തിയത് എന്നും കമിൻസ് പറഞ്ഞു. 

ഐപിഎൽ നിർത്തിവെച്ചത് നന്നായി എന്ന അഭിപ്രായം തനിക്കില്ലെന്നും കമിൻസ് പറഞ്ഞു. ലോക്ക്ഡൗണിൽ വീടുകളിൽ തന്നെ കഴിയേണ്ടി വരുന്ന ആളുകൾക്ക് ഐപിഎൽ ആശ്വാസമായിരുന്നു. അവരുടെ ദിനചര്യയുടെ ഭാ​ഗമായിരുന്നു ഐപിഎൽ. പോസിറ്റീവ് ഫീൽ ഇതിലൂടെ അവർക്ക് നൽകാൻ സാധിക്കുമായിരുന്നു എന്നും കമിൻസ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com