വിദേശ കളിക്കാർ ഇല്ലെങ്കിൽ സയിദ് മുഷ്താഖ് അലി ട്രോഫിയാവും ഐപിഎൽ: വൃധിമാൻ സാഹ

'അതിനാൽ ഈ വർഷം ഐപിഎൽ പൂർത്തിയാക്കാൻ സാധിക്കുമോ എന്നതിൽ എനിക്ക് സംശയമുണ്ട്'
വൃധിമാൻ സാഹ/ഫയല്‍ ചിത്രം
വൃധിമാൻ സാഹ/ഫയല്‍ ചിത്രം

ന്യൂഡൽഹി: വിദേശ കളിക്കാർ ഇല്ലെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട സയിദ് മുഷ്താഖ് അലി ട്രോഫി പോലെയാവും ഐപിഎൽ എന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃധിമാൻ സാഹ. ഐപിഎൽ ഈ വർഷം പൂർത്തിയാക്കാൻ സാധിക്കുമോ എന്നതിലും സാഹ സംശയം പ്രകടിപ്പിച്ചു. 

ഐപിഎല്ലിലെ ഭൂരിഭാ​ഗം വിദേശ കളിക്കാരും ഓസ്ട്രേലിയ, ഇം​ഗ്ലണ്ട്, വിൻഡിസ് എന്നീ രാജ്യങ്ങളിൽ നിന്നാണ്. അതിനാൽ ഈ വർഷം ഐപിഎൽ പൂർത്തിയാക്കാൻ സാധിക്കുമോ എന്നതിൽ എനിക്ക് സംശയമുണ്ട്. വിദേശ കളിക്കാരില്ലെങ്കിൽ ഐപിഎൽ എന്നത് കുറച്ച് മെച്ചപ്പെട്ട സയിദ് മുഷ്താഖ് അലി ട്രോഫി പോലെയാവും, സാഹ പറഞ്ഞു. 

സ്ക്വാഡിൽ അഴിച്ചു പണി നടത്തുന്നതിന് മുൻപ് ഓരോ കളിക്കാരനും നാലഞ്ച് മത്സരങ്ങൾ നൽകണം എന്നും സാഹ പറഞ്ഞു. ഏതാനും മത്സരങ്ങളിൽ ഏതൊരു താരവും പരാജയപ്പെട്ടേക്കാം. എന്നാൽ തുടരെ ലൈൻ അപ്പിൽ മാറ്റം വരുത്തിക്കൊണ്ടിരുന്നാൽ ശരിയാവില്ല. ഹൈദരാബാദ് മാത്രമല്ല. ഏതൊരു ടീമും തങ്ങളുടെ ബെസ്റ്റ് ഇലവനെ കണ്ടെത്തി നാലഞ്ച് മത്സരങ്ങൾ കളിപ്പിക്കണം. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ മാറ്റങ്ങൾ വരുത്താം. 

എന്നാൽ ഇതിലെല്ലാം തീരുമാനമെടുക്കേണ്ടത് മാനേജ്മെന്റ് ആണ്. നമുക്കതിൽ അതികമൊന്നും ചെയ്യാനില്ല. മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിന് മുൻപ് അവർ എന്നോട് പറഞ്ഞു ഞാൻ പ്ലേയിങ് ഇലവനിൽ ഇല്ലെന്ന്. എന്നാൽ അത് സംബന്ധിച്ച് ഒരു ചർച്ചയും ഞങ്ങൾക്കിടയിൽ നടന്നില്ല. ടീം എങ്ങനെ പെർഫോം ചെയ്യും എന്നത് അനുസരിച്ച് ഇരിക്കും ടീമിലെ എന്റെ സാധ്യതകൾ ഇനി, സാഹ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com