ഇന്ത്യയുടെ പുതിയ ട്വന്റി20 ക്യാപ്റ്റനെ ഉടന്‍ പ്രഖ്യാപിക്കും, സെലക്ഷന്‍ കമ്മിറ്റി യോഗം ചേരും, എല്ലാം രോഹിത്തിന് അനുകൂലം

പുതിയ ട്വന്റി20 ക്യാപ്റ്റനെ നിശ്ചയിക്കാന്‍ ഉടന്‍ തന്നെ ചേതന്‍ ശര്‍മ നേതൃത്വം നല്‍കുന്ന സെലക്ഷന്‍ പാനല്‍ യോഗം ചേരും
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ട്വന്റി20 ക്യാപ്റ്റനെ അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ട്വന്റി20 ക്യാപ്റ്റനെ നിശ്ചയിക്കാന്‍ ഉടന്‍ തന്നെ ചേതന്‍ ശര്‍മ നേതൃത്വം നല്‍കുന്ന സെലക്ഷന്‍ പാനല്‍ യോഗം ചേരും. രോഹിത് ശര്‍മ നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

നിലവില്‍ ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ഉപനായകനാണ് രോഹിത് ശര്‍മ. രോഹിത് ശര്‍മയെ തന്നെ നായകനായി തെരഞ്ഞെടുക്കും എന്ന വിലയിരുത്തലാണ് ശക്തം. എന്നാല്‍ ട്വന്റി20 ലോകകപ്പിന് ശേഷം വരുന്ന ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിക്കും. അതിനാല്‍ ഈ പരമ്പരയില്‍ ഇന്ത്യയെ ആര് നയിക്കണം എന്നതും സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും. 

പുതിയ ക്യാപ്റ്റനെ തീരുമാനിക്കുന്നതില്‍ രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് എത്തും എന്നതിനാല്‍ അടുത്ത ട്വന്റി20 നായകനെ തീരുമാനിക്കുന്നത് ദ്രാവിഡുമായും സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യും. പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡ് അപേക്ഷ നല്‍കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇതിലേക്കുള്ള അഭിമുഖവും മറ്റ് നടപടികളും നടക്കാനുണ്ട്. എങ്കിലും രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡ് എത്തുമെന്ന് വ്യക്തമാണ്.

ന്യൂസിലാന്‍ഡിന് എതിരെ രോഹിത്തിന് വിശ്രമം നല്‍കിയേക്കും

ന്യൂസിലാന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തേയും സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കും. ടീമില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍ നവംബര്‍ 10ന് ക്യാംപ് ആരംഭിക്കണം. അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞായിരിക്കും പരിശീലനം ആരംഭിക്കുക. നവംബര്‍ 17നാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. 

ജയ്പൂരിലാണ് ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ട്വന്റി20. നവംബര്‍ 19ന് രണ്ടാമത്തെ മത്സരം റാഞ്ചിയിലും നവംബര്‍ 21ന് മൂന്നാമത്തെ കളി കൊല്‍ക്കത്തയിലും നടക്കും. ഇതിന് പിന്നാലെയാണ് രണ്ട് ടെസ്റ്റുകളുടെ പരമ്പര. നവംബര്‍ 25ന് കാണ്‍പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഡിസംബര്‍ മൂന്നിന് മുംബൈയില്‍ രണ്ടാമത്തേതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com