ട്വന്റി20 ലോകകപ്പില്‍ മൂന്ന് അര്‍ധ ശതകം നേടുന്ന ആദ്യ ക്യാപ്റ്റന്‍; നേട്ടങ്ങള്‍ കൊയ്ത് ബാബര്‍ അസം 

പാകിസ്ഥാന്റെ സെമി ഫൈനല്‍ ഉറപ്പിച്ച കളിയില്‍ നമീബിയക്ക് എതിരെ ബാബര്‍ അര്‍ധ ശതകം കണ്ടെത്തിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അബുദാബി: ട്വന്റി20 ലോകകപ്പില്‍ മൂന്ന് അര്‍ധ ശതകം നേടുന്ന ആദ്യ ക്യാപ്റ്റനായി ബാബര്‍ അസം. പാകിസ്ഥാന്റെ സെമി ഫൈനല്‍ ഉറപ്പിച്ച കളിയില്‍ നമീബിയക്ക് എതിരെ ബാബര്‍ അര്‍ധ ശതകം കണ്ടെത്തിയിരുന്നു. 

പാകിസ്ഥാന്റെ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, നമീബിയ എന്നീ ടീമുകള്‍ക്കെതിരെയാണ് ബാബര്‍ അസം 50ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. നമീബിയക്കെതിരായ കളിയില്‍ 49 പന്തില്‍ നിന്ന് 70 റണ്‍സ് എടുത്താണ് ബാബര്‍ മടങ്ങിയത്. അഫ്ഗാനിസ്ഥാന് എതിരെ 47 പന്തില്‍ നിന്ന് ബാബര്‍ 51 റണ്‍സ് എടുത്തു. ഇന്ത്യക്കെതിരെ 52 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയാണ് ബാബര്‍ പുറത്താവാതെ നിന്നത്. 

നാല് സെഞ്ചുറി കൂട്ടുകെട്ടുമായി പാക് ഓപ്പണിങ് സഖ്യം

ട്വന്റി20 ക്രിക്കറ്റില്‍ കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തുന്ന ഓപ്പണിങ് സഖ്യവുമായി ബാബറും റിസ്വാനും. 2021ല്‍ നാല് സെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇവര്‍ കണ്ടെത്തിയത്. ഇതില്‍ മൂന്നെണ്ണം 150ന് മുകളില്‍ പോകുന്നു. ഇന്ത്യക്കെതിരെ ജയം നേടിയ അതേ പ്ലേയിങ് ഇലവനുമായാണ് പിന്നെ വന്ന മൂന്ന് മത്സരവും പാകിസ്ഥാന്‍ കളിച്ചത്. 

നോക്ക്ഔട്ട് ഘട്ടത്തിന് മുന്‍പ് തങ്ങളുടെ ബൗളര്‍മാരെ പരീക്ഷിക്കണം എന്ന് ബാബര്‍ അസം പറഞ്ഞിരുന്നു. എന്നാല്‍ നമീബിയക്കെതിരെ അലംഭാവം കാണിക്കുന്നതിലേക്ക് പോവില്ലെന്നും ബാബര്‍ വ്യക്തമാക്കി. സ്‌കോട്ട്‌ലാന്‍ഡിനെ തോല്‍പ്പിച്ചാണ് നമീബിയ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com