ഇംഗ്ലണ്ടിനെ തകര്‍ത്തതോടെ ഡഗൗട്ടില്‍ ഗംഭീര ആഘോഷം; കുലുങ്ങാതെ ജിമ്മി നീഷാം, ആ ഇരിപ്പിന്റെ കാരണം

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആഘോഷം ഡഗൗട്ടില്‍ നടക്കുമ്പോള്‍ കയ്യും കെട്ടി ഇരുന്നിടത്ത് തന്നെ ഇരിക്കുകയായിരുന്നു നീഷാം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ 17ാം ഓവറില്‍ ക്രിസ് ജോര്‍ദാനെ നീഷാം പ്രഹരിച്ചതോടെയാണ് ഇംഗ്ലണ്ട് സമ്മര്‍ദത്തിലേക്ക് വീണത്. ഇങ്ങനെ ന്യൂസിലാന്‍ഡ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച നീഷാം പക്ഷേ സഹതാരങ്ങളുടെ വിജയാഘോഷങ്ങള്‍ക്കിടയിലും കുലുങ്ങാതിരുന്നു. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആഘോഷം ഡഗൗട്ടില്‍ നടക്കുമ്പോള്‍ കയ്യും കെട്ടി ഇരുന്നിടത്ത് തന്നെ ഇരിക്കുകയായിരുന്നു നീഷാം. 

19ാം ഓവറിലെ അവസാന പന്തില്‍ ക്രിസ് വോക്‌സിനെ ബൗണ്ടറി കടത്തി ഡാരില്‍ മിച്ചലാണ് കിവീസിനായി വിജയ റണ്‍ നേടിയത്. ഇതോടെ ഡഗൗട്ടില്‍ സഹതാരങ്ങള്‍ ജയം ഗംഭീരമായി ആഘോഷിച്ചു. ഈ സമയം രണ്ട് പേര്‍ മാത്രമാണ് ഡഗൗട്ടില്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കാതിരുന്നത്. നായകന്‍ കെയ്ന്‍ വില്യംസണും ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമും.

വില്യംസണിന്റെ മുഖത്ത് ചിരിയെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ ജിമ്മി നീഷാം ചിരിക്കാനും തയ്യാറായില്ല. കുലുങ്ങാതെ ഇരിക്കുന്ന നീഷാമിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതികരണവുമായി താരം എത്തി. ജോലി കഴിഞ്ഞോ? എനിക്ക് അങ്ങനെ തോന്നുന്നില്ല എന്നാണ് അഹ്ലാദപ്രകടനത്തിന് തയ്യാറാവാതിരുന്നതിനെ കുറിച്ച് നീഷാം ട്വിറ്ററില്‍ കുറിച്ചത്. 

നീഷാം ക്രീസിലെത്തുമ്പോള്‍ ന്യൂസിലാന്‍ഡ് 107-4ന്

ജിമ്മി നീഷാം ക്രീസിലേക്ക് എത്തുമ്പോള്‍ 29 പന്തില്‍ നിന്ന് 60 റണ്‍സ് ആണ് ന്യൂസിലാന്‍ഡിന് ജയിക്കാനായി വേണ്ടിയിരുന്നത്. 11 പന്തില്‍ നിന്ന് 27 റണ്‍സ് നേടി നീഷാം മടങ്ങി. നീഷാമിന് ഇവിടെ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞതോടെ മിച്ചലിന് മേലുള്ള സമ്മര്‍ദം കുറഞ്ഞു. കളി ഫിനിഷ് ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശ നീഷാം പ്രകടമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com