പുറത്തായതിന്റെ കലിപ്പില്‍ ബാറ്റില്‍ ഇടിച്ചു, ചെറുവിരലിന് ഒടിവ്; ഡെവോണ്‍ കോണ്‍വേക്ക് ഫൈനല്‍ നഷ്ടം

ഇംഗ്ലണ്ടിനെ സെമി ഫൈനലില്‍ വീഴ്ത്തി ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡിന് കനത്ത തിരിച്ചടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഇംഗ്ലണ്ടിനെ സെമി ഫൈനലില്‍ വീഴ്ത്തി ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡിന് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡെവോണ്‍ കോണ്‍വേക്ക് പരിക്കേറ്റതോടെ ഫൈനലില്‍ കളിക്കില്ല. 

സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പുറത്തായതിന്റെ നിരാശ പ്രകടിപ്പിക്കുമ്പോഴാണ് കോണ്‍വേയുടെ വിരലിന് പരിക്കേറ്റത്. ട്രാക്കിന് പുറത്തേക്ക് ഇറങ്ങി കൂറ്റന്‍ ഷോട്ടിന് ശ്രമിക്കവെ കോണ്‍വേയെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതിന്റെ നിരാശയില്‍ സ്വന്തം ബാറ്റിലേക്ക് കോണ്‍വേ ഇടിച്ചു. 

എക്‌സ്‌റേയില്‍ ചെറുവിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇംഗ്ലണ്ടിന് എതിരെ ന്യൂസിലാന്‍ഡ് 167 റണ്‍സ് ചെയ്‌സ് ചെയ്തപ്പോള്‍ 46 റണ്‍സ് കണ്ടെത്താന്‍ കോണ്‍വേയ്ക്ക് കഴിഞ്ഞിരുന്നു. 

അതീവ നിരാശനാണ് കോണ്‍വേ

ഇതുപോലെ ഈ സമയം കളി നഷ്ടമാവുന്നു എന്നതില്‍ അതീവ നിരാശനാണ് കോണ്‍വേ. ഏറെ അഭിനിവേഷത്തോടെയാണ് കോണ്‍വേ പാകിസ്ഥാന് വേണ്ടി കളിക്കുന്നത്. സംഭവിച്ച് പോയതില്‍ മറ്റാരേക്കാളും നിരാശ കോണ്‍വേയ്ക്കാണ്. അതിനാല്‍ ഞങ്ങളെല്ലാവരും അവന് ഒപ്പം നില്‍ക്കുകയാണ്, ന്യൂസിലാന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. 

കോണ്‍വേയ്ക്ക് പകരം ട്വന്റി20 ലോകകപ്പിലേക്കും ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലേക്കും മറ്റൊരു താരത്തെ വിളിക്കില്ല. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ സമയം പകരം താരത്തെ ആലോചിക്കും എന്നും ന്യൂസിലാന്‍ഡിന്റെ മുഖ്യ പരിശീലകന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com