‘ക്യാപ്റ്റനായപ്പോൾ സഹ താരങ്ങളോട് പറഞ്ഞത് ഇതാണ്‘- വെളിപ്പെടുത്തി രോ​ഹിത്

‘ക്യാപ്റ്റനായപ്പോൾ സഹ താരങ്ങളോട് പറഞ്ഞത് ഇതാണ്‘- വെളിപ്പെടുത്തി രോ​ഹിത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊൽക്കത്ത: ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ക്യാപ്റ്റനെന്ന നിലയിൽ സഹ താരങ്ങളെ പ്രചോദിപ്പിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സമ്പൂർണ വിജയം നേടിയതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി രോഹിത് രം​ഗത്തെത്തിയത്. പരമ്പരയ്ക്കു മുന്നോടിയായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് ആദ്യമായി നടത്തിയ ടീം മീറ്റിങ്ങിൽ താരങ്ങൾക്ക് നൽകിയൊരു ഉറപ്പിനെക്കുറിച്ചാണ് പരമ്പര വിജയത്തിനു പിന്നാലെ രോഹിത് വെളിപ്പെടുത്തിയത്. 

സമ്മർദ്ദവും വെല്ലുവിളിയും ഏറ്റെടുത്ത് ടീമിനായി ചെയ്യുന്ന ഒരു കാര്യവും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന ഉറപ്പാണ് രോഹിത് സഹ താരങ്ങൾക്ക് നൽകിയത്. ക്യാപ്റ്റനെന്ന നിലയിൽ സഹ താരങ്ങൾക്ക് പിന്തുണ ഉറപ്പാക്കേണ്ടത് തന്റെ കടമയാണെന്നും രോഹിത് ചൂണ്ടിക്കാട്ടി.

‘സഹ താരങ്ങൾക്ക് പിന്തുണ ഉറപ്പാക്കേണ്ടത് കടമ‘

‘ആദ്യത്തെ ടീം മീറ്റിങ്ങിൽ വളരെ വ്യക്തമായി ഒരു കാര്യം ഞാൻ ടീമംഗങ്ങളോട് പറഞ്ഞിരുന്നു. ടീമിനായി നിങ്ങൾ ചെയ്യുന്ന ഒരു കാര്യവും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന് ഞാൻ അവർക്ക് ഉറപ്പു നൽകി. ടീം സമ്മർദ്ദത്തിൽ നൽക്കുന്ന സമയത്ത് സമ്മർദ്ദം അയയ്ക്കുന്നതിനായി എന്തു വെല്ലുവിളി സ്വയം ഏറ്റെടുത്താലും അതിന് അർഹിക്കുന്ന പരിഗണന ഉറപ്പു നൽകി’.

‘ഇത് ഒരു ക്യാപ്റ്റന്റെയും പരിശീലകന്റെയും ചുമതലയാണെന്ന് ഞാൻ കരുതുന്നു. ടീമിനായി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ തീർച്ചയായും അംഗീകരിക്കപ്പെടുമെന്നും നിങ്ങളുടെ സ്വാഭാവികമായി കളി പുറത്തെടുക്കാനും ടീമംഗങ്ങളോട് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമല്ലേ?’.

‘ചിലപ്പോൾ നിങ്ങൾ റിസ്ക് എടുക്കുമ്പോൾ വിജയിച്ചേക്കാം. മറ്റു ചിലപ്പോൾ പരാജയപ്പെട്ടേക്കാം. എന്തു സംഭവിച്ചാലും ഞങ്ങൾ നിങ്ങളെ പൂർണമായും പിന്തുണയ്ക്കും. കാരണം, നിങ്ങൾ അതു ചെയ്യുന്നത് ടീമിനു വേണ്ടിയാണ്. അത് നല്ല കാര്യമാണ്. ഇക്കാര്യത്തിൽ ഭാവിയിലും ഇതു തന്നെയായിരിക്കും ഞങ്ങളുടെ നിലപാട്’.

പ്രതിഭാധനരായ ഒട്ടേറെ താരങ്ങളുള്ള ഇന്ത്യയിൽ നിന്ന് 11 കളിക്കാരെ തിരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ടുകളും രോഹിത് ചൂണ്ടിക്കാട്ടി. ടീമിനു പുറത്തിരിക്കുന്നവരും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് കഴിവു തെളിയിച്ചിട്ടുള്ളവരാണെന്ന് രോഹിത് പറഞ്ഞു.

‘ഇന്ത്യ പോലെ പ്രതിഭാധരനായ ഒട്ടേറെ ക്രിക്കറ്റ് താരങ്ങളുള്ള ഒരു രാജ്യത്തുനിന്ന് 11 താരങ്ങളെ തിരഞ്ഞെടുക്കുന്നത് എളുപ്പമല്ല. നമുക്കു മുന്നിൽ ഓരോ സ്ഥാനത്തേക്കും ഒട്ടേറെ സാധ്യതകളാണുള്ളത്. ടീമിനു പുറത്തിരിക്കുന്നവരും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തവരാണ്. എല്ലാവരേയും ടീമിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ചാലും 11 പേർക്കു മാത്രമേ അവസരം നൽകാനാകൂ. ആ തിരഞ്ഞെടുപ്പ് വളരെ ബുദ്ധിമുട്ടേറിയതാണ്. അനാവശ്യ സമ്മർദ്ദമൊന്നും കൂടാതെയാണ് താരങ്ങൾ കളത്തിലിറങ്ങുന്നതെന്ന് ഞങ്ങൾ ഉറപ്പാക്കും’.

ന്യൂസിലൻഡിനെതിരായ മൂന്ന് ടി20 മത്സരങ്ങൾ ഇന്ത്യ തൂത്തുവാരിയിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മൂന്നാം മത്സരത്തിൽ 73 റൺസിന്റെ കൂറ്റൻ വിജയം നേടിയാണ് ഇന്ത്യ പരമ്പര വിജയം പൂർത്തിയാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com