വൃധിമാന്‍ സാഹയ്ക്ക് പരിക്ക്, മൂന്നാം ദിനം കളിക്കുന്നില്ല; വിക്കറ്റിന് പിന്നില്‍ കെഎസ് ഭരത് 

ന്യൂസിലാന്‍ഡിന് എതിരായ കാണ്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം കളിക്കാന്‍ ഇറങ്ങാതെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃധിമാന്‍ സാഹ
വൃധിമാൻ സാഹ/ഫയല്‍ ചിത്രം
വൃധിമാൻ സാഹ/ഫയല്‍ ചിത്രം

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ കാണ്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം കളിക്കാന്‍ ഇറങ്ങാതെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃധിമാന്‍ സാഹ. കഴുത്തിലെ ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് സാഹ വിട്ടുനില്‍ക്കുന്നത് എന്ന് ബിസിസിഐ വ്യക്തമാക്കി. 

വൃധിമാന്‍ സാഹയക്ക് പകരം കെഎസ് ഭരത് ആണ് കാണ്‍പൂരില്‍ മൂന്നാം ദിനം ഇന്ത്യക്ക് വേണ്ടി ഗ്ലൗസ് അണിയുന്നത്. സാഹ ബിസിസിഐയുടെ മെഡിക്കല്‍ സംഘം നിരീക്ഷിക്കുകയാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കളിക്കും പരിശീലനത്തിനും ഇടയിലുണ്ടാവുന്ന പ്രശ്‌നങ്ങളുമാണ് സാഹയെ വര്‍ഷങ്ങളായി കുഴക്കുന്നത്. 

കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ റണ്‍സ് കണ്ടെത്താന്‍ സാഹയ്ക്ക് കഴിയാതിരുന്നതോടെ വലിയ വിമര്‍ശനവും താരത്തിന് എതിരെ ഉയര്‍ന്നിരുന്നു. 37 വയസായ സാഹയെ ടീമില്‍ നിന്ന് മാറ്റണം എന്ന മുറവിളി ഉയര്‍ന്നിരുന്നു. കെഎസ് ഭരത്തിനെ പന്തിന്റെ അഭാവത്തില്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. 

ഋഷഭ് പന്തിന് വിശ്രമം നല്‍കിയതോടെയാണ് വൃധിമാന്‍ സാഹയെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. കാണ്‍പൂരില്‍ ന്യൂസിലാന്‍ഡിന് എതിരെ ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്‍ മാത്രം എടുത്താണ് സാഹ പുറത്തായത്. പരിക്കിനെ തുടര്‍ന്ന് സാഹയ്ക്ക് ബാറ്റ് ചെയ്ത് ഫോം തെളിയിക്കാനും സാധിക്കാതെ വന്നാല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പര്യടനത്തില്‍ സാഹയെ ടീമില്‍ പരിഗണിക്കാന്‍ സാധ്യതയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com