കാണ്‍പൂരിലെ പിച്ചിന് കയ്യടിച്ച് രാഹുല്‍ ദ്രാവിഡ്, ഗ്രൗണ്ട് സ്റ്റാഫിന് 35000 രൂപ പാരിതോഷികം 

ബാറ്റ്‌സ്മാന്മാരേയും ബൗളര്‍മാരേയും ഒരേപോലെ തുണയ്ക്കുന്ന പിച്ചായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ദ്രാവിഡ് പാരിതോഷികം നല്‍കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാണ്‍പൂര്‍: കാണ്‍പൂര്‍ ടെസ്റ്റിനായി പിച്ച് തയ്യാറാക്കിയ ക്യുറേറ്റര്‍ക്കും സംഘത്തിനും 35000 രൂപ പാരിതോഷികമായി നല്‍കി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബാറ്റ്‌സ്മാന്മാരേയും ബൗളര്‍മാരേയും ഒരേപോലെ തുണയ്ക്കുന്ന പിച്ചായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ദ്രാവിഡ് പാരിതോഷികം നല്‍കിയത്.

ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ടോം ലാതം, വില്‍ യങ് എന്നിങ്ങനെ പിച്ചുമായി ഇണങ്ങിയ ബാറ്റ്‌സ്മാന്മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞപ്പോള്‍ ടിം സൗത്തി, ജാമിസണ്‍ എന്നീ ബൗളര്‍മാര്‍ക്കും മികവ് കാണിക്കാനായി. ഗ്രൗണ്ട്‌സ്മാന് 35000 രൂപ ദ്രാവിഡ് പാരിതോഷികം നല്‍കിയതായി ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനാണ് വെളിപ്പെടുത്തിയത്. 

കയ്യടി സ്‌പോര്‍ട്ടിങ് പിച്ച് ഒരുക്കിയതിന്‌

കാണ്‍പൂരില്‍ അഞ്ചാം ദിനവും പ്രകടമായ വ്യത്യാസങ്ങള്‍ പിച്ചില്‍ വന്നിരുന്നില്ല. ഇങ്ങനെ സ്‌പോര്‍ട്ടിങ് പിച്ച് ഒരുക്കിയതിനാണ് ദ്രാവിഡിന്റെ കയ്യടി. അഞ്ചാം ദിനം പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിച്ചില്ലെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ശ്രേയസ് അയ്യരുടെ ബാറ്റിങ്ങില്‍ തനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് സംവിധാനത്തിന്റെ മികവും കരുത്തുമാണ് ശ്രേയസിന്റെ പ്രകടനത്തില്‍ കാണാനാവുന്നത് എന്നും ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ പറഞ്ഞു. 

നാലാം ഇന്നിങ്‌സില്‍ 284 റണ്‍സ് ആണ് ന്യൂസിലാന്‍ഡ് പിന്തുടര്‍ന്നത്. 9 വിക്കറ്റ് നഷ്ടപ്പെട്ട് കിവീസ് തോല്‍വി മുന്‍പില്‍ കണ്ടെങ്കിലും സമനില പിടിച്ചെടുക്കുകയായിരുന്നു. രചിന്‍ രവീന്ദ്രയുടേയും അജാസ് പട്ടേലിന്റേയും ബാറ്റിങ് ആണ് ന്യൂസിലാന്‍ഡിന് സമനില നേടിക്കൊടുത്തത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച മുംബൈയില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com