‘കെഎൽ രാഹുൽ വളരെ മോശം ക്യാപ്റ്റൻ; നേതൃ​ഗുണമില്ല‘- തുറന്നടിച്ച് ജഡേജ

‘കെഎൽ രാഹുൽ വളരെ മോശം ക്യാപ്റ്റൻ; നേതൃ​ഗുണമില്ല‘- തുറന്നടിച്ച് ജഡേജ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: പഞ്ചാബ് കിങ്സ് നായകനും ഓപ്പണിങ് ബാറ്റ്സ്മാനുമായ കെഎൽ രാഹുലിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ അജയ് ജ‍ഡേജ. രാഹുൽ തീർത്തും മോശം ക്യാപ്റ്റനാണെന്ന് അദ്ദേഹം തുറന്നടിച്ചു. വിരാട് കോഹ്‌ലിക്കു ശേഷം രാഹുൽ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തെത്തുമെന്ന് ചർച്ചകൾ അന്തരീക്ഷത്തിൽ നിൽക്കുമ്പോഴാണ് ജഡേജയുടെ പ്രതികരണം. 

മറ്റു ക്യാപ്റ്റൻമാരേക്കുറിച്ചും അവരുടെ തീരുമാനങ്ങളേക്കുറിച്ചും എല്ലാവരും ചർച്ച ചെയ്യാറുണ്ട്. എന്നാൽ രാഹുലിന്റെ കാര്യം ഇത്തരത്തിൽ ചർച്ച ചെയ്യുന്നത് കേട്ടിട്ടുണ്ടോയെന്ന് ജഡേജ ചോദിക്കുന്നു. 

കഴിഞ്ഞ രണ്ട് സീസണുകളിലായി രാഹുലാണ് പഞ്ചാബ് കിങ്സിന്റെ നായകൻ. വ്യക്തിപരമായി രാഹുൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ടീമിന് കാര്യമായ നേട്ടങ്ങളില്ല. ഇതുവരെ 25 ഐപിഎൽ മത്സരങ്ങളിലാണ് രാഹുൽ പഞ്ചാബിനെ നയിച്ചത്. അതിൽ 11 ജയം. 14 തോൽവി. കഴിഞ്ഞ രണ്ട് സീസണുകളിലും ആറാം സ്ഥാനത്തായിരുന്നു പഞ്ചാബ്. ഈ സീസണിലും ഒരേയൊരു മത്സരം മാത്രം ശേഷിക്കെ ഏറെക്കുറേ പുറത്താകലിന്റെ വക്കിലാണ് പഞ്ചാബ്. 

‘കെഎൽ രാഹുലിനെ നോക്കൂ. കഴിഞ്ഞ രണ്ട് സീസണുകളിലായി പഞ്ചാബിന്റെ നായകനാണ് അദ്ദേഹം. പക്ഷേ കൊള്ളാവുന്നൊരു ക്യാപ്റ്റനാണ് രാഹുലെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ടീമെന്ന നിലയിൽ പഞ്ചാബ് മികച്ച പ്രകടനം നടത്തുമ്പോഴോ മോശം പ്രകടനം കാഴ്ച വയ്ക്കുമ്പോഴോ അദ്ദേഹത്തെക്കുറിച്ച് നാം സംസാരിക്കാറില്ല. പഞ്ചാബിന്റെ പ്ലേയിങ് ഇലവന്റെ കാര്യത്തിലും ടീമിൽ വരുത്തുന്ന മാറ്റങ്ങളുടെ കാര്യത്തിലും രാഹുൽ ഇടപെടുന്നുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?’.

‘ഏതൊരാളും ഇന്ത്യൻ ക്യാപ്റ്റനാകുന്നത് അദ്ദേഹത്തിന്റേതായ ചില നയങ്ങളുടെ അടിസ്ഥാനത്തിലാണ്. അത്തരമൊരു നയമൊന്നും രാഹുലിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം വളരെ ശാന്തനും എന്തിനോടും പൊരുത്തപ്പെടുന്നവനുമാണ്. ശരിതന്നെ. അതുകൊണ്ട് അദ്ദേഹം ഏതു ടീമിന്റെ നായകനായാലും അവിടെ ദീർഘകാലം തുടരുമെന്ന് തീർച്ച’. 

‘പക്ഷേ, ടീമിനെ നയിക്കാൻ ചില നേതൃ ഗുണങ്ങൾ അത്യാവശ്യമാണെന്ന് നമുക്കറിയാം. നമ്മൾ യോജിച്ചാലും ഇല്ലെങ്കിലും അവർക്ക് അവരുടേതായ ചില നയങ്ങളുണ്ടാകും. ഇന്ത്യൻ നായകനാകുന്നയാൾക്ക് കുറഞ്ഞത് ഒരു ഫിലോസഫിയെങ്കിലും വേണ്ടേ? ഐപിഎൽ ടീമിനെ നയിക്കുന്നതും ഇന്ത്യൻ ടീമിനെ നയിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്’.

‘എനിക്ക് രാഹുലിനെ വ്യക്തിപരമായി പരിചയമില്ല. പക്ഷേ, കളത്തിലുള്ളപ്പോൾ ധോനിയേപ്പോലെ വളരെ ശാന്തനായിട്ടാണ് അദ്ദേഹം കാണപ്പെടുന്നത്. ഇത്തരം ചില നല്ല ഗുണങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായി വേണ്ടത് നേതൃ ഗുണമാണ്. ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങളെക്കുറിച്ച് ആളുകൾ ചർച്ച ചെയ്യണം. അദ്ദേഹം എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് ആളുകൾ ചോദിക്കണം. രാഹുലിന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കാറുണ്ടോ? അദ്ദേഹം ക്യാപ്റ്റനെന്ന നിലയിൽ യാതൊരു ഉത്തരവാദിത്വവും എടുക്കുന്നില്ല. ടീമിന്റെ കാര്യം മറ്റുള്ളവർ നോക്കട്ടെ എന്ന ചിന്താഗതിക്കാരനാണ് അദ്ദേഹം’ – ജഡേജ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com