അടിയോടടി; ഹൈദരാബാദ് ബൗളര്‍മരെ തല്ലിച്ചതച്ച് ഇഷാനും സൂര്യകുമാറും; കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി മുംബൈ

അടിയോടടി; ഹൈദരാബാദ് ബൗളര്‍മരെ തല്ലിച്ചതച്ച് ഇഷാനും സൂര്യകുമാറും; കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി മുംബൈ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അബുദാബി: കൂറ്റന്‍ സ്‌കോര്‍ നേടിയാല്‍ പ്ലേ ഓഫ് എന്ന കടമ്പയുടെ ആദ്യ ഘട്ടം കടന്ന് മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അടിച്ചെടുത്തത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ്. സൺറൈസേഴ്സിന് ലക്ഷ്യം 236 റൺസ്.

ഓപ്പണര്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് മുംബൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറ്റൊരാള്‍ക്കും കാര്യമായ ചെറുത്തു നില്‍പ്പിന് അവസരം ലഭിച്ചില്ല. 

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ മുംബൈയ്ക്ക് മിന്നും തുടക്കമാണ് ഇഷാന്‍ കിഷന്‍ നല്‍കിയത്. രോഹിതിനെ കാഴ്ചക്കാരനാക്കി ഇഷാന്‍ ഉജ്ജ്വല ബാറ്റിങുമായി ആദ്യ ഓവറില്‍ തന്നെ കളം നിറഞ്ഞു. ടീമിന്റെ നിലപാടും വ്യക്തമാക്കി. 

32 പന്തുകള്‍ നേരിട്ട് നാല് സിക്‌സുകളും 11 ഫോറും സഹിതം 84 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. രോഹിത് 18 റണ്‍സുമായി പുറത്തായി. 

പിന്നീടെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ (10), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (13) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ സണ്‍റൈസേഴ്‌സ് ആശ്വസിച്ചു. എന്നാല്‍ ഇഷാന്‍ നിര്‍ത്തിയിടത്ത് നിന്ന് സൂര്യകുമാര്‍ തുടങ്ങുകയായിരുന്നു. അഭിഷേക് ശര്‍മ ഒഴികെ പന്തെടുത്ത ബൗളര്‍മാരെല്ലാം അടികൊണ്ടു വലഞ്ഞു. 

സൂര്യകുമാര്‍ 40 പന്തുകള്‍ നേരിട്ട് 84 റണ്‍സ് വാരി. 13 ഫോറുകളും മൂന്ന് സിക്‌സുകളും സഹിതമായിരുന്നു സൂര്യകുമാറിന്റെ ബാറ്റിങ്. 

ജെയിംസ് നീഷം (പൂജ്യം), ക്രുണാല്‍ പാണ്ഡ്യ (ഒന്‍പത്), നതാന്‍ കോള്‍ടര്‍ നെയ്ല്‍ (മൂന്ന്), പിയൂഷ് ചൗള (പൂജ്യം), എന്നിവരും ക്ഷണത്തില്‍ മടങ്ങി. ജസ്പ്രിത് ബുമ്‌റ (അഞ്ച്), ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ പുറത്താകാതെ നിന്നു. 

നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ ജെയ്‌സന്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. റാഷിദ് ഖാന്‍, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഒരോവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി അഭിഷേക് രണ്ട് വിക്കറ്റുകള്‍ നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com