ഏഴ് റൺസിനിടെ വീണത് ആറ് വിക്കറ്റുകൾ; ആവേശപ്പോരിൽ ഡൽഹിയെ വീഴ്ത്തി കൊൽക്കത്ത ഐപിഎൽ ഫൈനലിൽ

ഏഴ് റൺസിനിടെ വീണത് ആറ് വിക്കറ്റുകൾ; ആവേശപ്പോരിൽ ഡൽഹിയെ വീഴ്ത്തി കൊൽക്കത്ത ഐപിഎൽ ഫൈനലിൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാർജ: അവസാന നിമിഷം വരെ ആവേശം തീർത്ത് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഫൈനലിൽ. ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് കീഴടക്കിയാണ് കൊൽക്കത്തയുടെ മുന്നേറ്റം. അവിശ്വസനീയമായ രംഗങ്ങൾ കണ്ട പോരിൽ ഡൽഹി ഉയർത്തിയ 136 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത അവസാന ഓവറിലെ അഞ്ചാം പന്തിലാണ് വിജയം നേടിയത്. ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സാണ് കൊൽക്കത്തയുടെ എതിരാളി. 

സ്‌കോർ: ഡൽഹി 20 ഓവറിൽ അഞ്ചിന് 135, കൊൽക്കത്ത 19.5 ഓവറിൽ ഏഴിന് 136.

ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കൊൽക്കത്തയെ വലിയ തകർച്ചയിലേക്ക് തള്ളിയിട്ട് വിറപ്പിച്ചാണ് ഡൽഹി കീഴടങ്ങിയത്. 136 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത ഒരു ഘട്ടത്തിൽ 14.5 ഓവറിൽ ഒരു വിക്കറ്റിന് 123 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്ന കൊൽക്കത്ത 130 ന് ഏഴ് എന്ന സ്‌കോറിലേക്ക് വീണു. അവസാന ഓവറിൽ സിക്‌സടിച്ച് രാഹുൽ ത്രിപാഠിയാണ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. 

അർധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരും ശുഭ്മാൻ ഗില്ലും മികച്ച ബൗളിങ് കാഴ്ചവെച്ച വരുൺ ചക്രവർത്തിയുമാണ് കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. കൊൽക്കത്ത ഇത് മൂന്നാം തവണയാണ് ഐപിഎല്ലിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. മുൻപ് രണ്ട് തവണ ഫൈനലിൽ പ്രവേശിച്ചപ്പോഴും കൊൽക്കത്ത കിരീടം നേടിയിരുന്നു. മത്സരത്തിൽ തോറ്റതോടെ ഡൽഹിക്ക് മൂന്നാം സ്ഥാനം

മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്തയ്ക്ക് വേണ്ടി ആദ്യ പന്തിൽ തന്നെ ഗിൽ ബൗണ്ടറി നേടി. പിന്നാലെ വെങ്കടേഷ് അയ്യർ തകർത്തടിക്കാൻ തുടങ്ങിയതോടെ കൊൽക്കത്ത സ്‌കോർ കുതിച്ചു. 5.4 ഓവറിൽ ടീം സ്‌കോർ 50 കടന്നു. 

ബാറ്റിങ് പവർപ്ലേയ്ക്ക് ശേഷം വളരെ ശ്രദ്ധിച്ചാണ് ഗില്ലും അയ്യരും ബാറ്റു വീശിയത്. സിംഗിളുകളും ഡബിളുകളുമായി ഇരുവരും റൺറേറ്റ് താഴാതെ കാത്തു. മോശം പന്തുകൾ തിരഞ്ഞു പിടിച്ച് പ്രഹരിക്കാനും മറന്നില്ല. ആദ്യ പത്തോവറിൽ കൊൽക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസെടുത്തു.

പിന്നാലെ വെങ്കടേഷ് അയ്യർ അർധ സെഞ്ച്വറി നേടി. 38 പന്തുകളിൽ നിന്നാണ് താരം സീസണിലെ മൂന്നാം അർധ സെഞ്ച്വറി നേടിയത്. എന്നാൽ 13-ാം ഓവിലെ രണ്ടാം പന്തിൽ വെങ്കടേഷ് അയ്യരെ റബാഡ പുറത്താക്കി. 41 പന്തുകളിൽ നിന്ന് നാല് ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 55 റൺസെടുത്ത് മികച്ച അടിത്തറ സമ്മാനിച്ചാണ് വെങ്കടേഷ് ക്രീസ് വിട്ടത്. ഒപ്പം ആദ്യ വിക്കറ്റിൽ ഗില്ലിനൊപ്പം 96 റൺസിന്റെ വലിയ കൂട്ടുകെട്ടുണ്ടാക്കാനും സാധിച്ചു. 

വെങ്കടേഷിന് പകരം നിതീഷ് റാണ ക്രീസിലെത്തി. 13 റൺസെടുത്ത റാണ അനാവശ്യ ഷോട്ടിന് ശ്രമിച്ച് നോർക്കെയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ ഗില്ലും വീണു. 46 റൺസെടുത്ത ഗില്ലിനെ ആവേശ് ഖാൻ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. 

പിന്നീട് ക്രീസിലൊന്നിച്ച രാഹുൽ ത്രിപാഠിയും ദിനേശ് കാർത്തിക്കും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. 18-ാം ഓവറെറിഞ്ഞ റബാഡയുടെ ഓവറിൽ വെറും ഒരു റൺസാണ് കൊൽക്കത്തയ്ക്ക് നേടാനായത്. ആ ഓവറിലെ അവസാന പന്തിൽ ദിനേശ് കാർത്തിക്കിന്റെ വിക്കറ്റ് റബാഡ പിഴുതതോടെ കളി ആവേശത്തിലായി. 

അവസാന രണ്ടോവറിൽ കൊൽക്കത്തയുടെ ലക്ഷ്യം 10 റൺസായി മാറി. കാർത്തിക്കിന് പകരം നായകൻ മോർഗൻ ക്രീസിലെത്തി. 19-ാം ഓവറെറിഞ്ഞ നോർക്കെ വെറും മൂന്ന് റൺസ് മാത്രം വിട്ടു നൽകി. ഓവറിലെ അവസാന പന്തിൽ മോർഗനെ ബൗൾഡാക്കുകയും ചെയ്തതോടെ മത്സരം കനത്തു. ഇതോടെ അവസാന ഓവറിൽ കൊൽക്കത്തയുടെ വിജയ ലക്ഷ്യം ഏഴ് റൺസായി. 123 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ നിന്നാണ് കൊൽക്കത്ത 129 ന് അഞ്ച് എന്ന സ്‌കോറിലേക്ക് വീണത്.

അവസാന ഓവർ അശ്വിനാണ് എറിഞ്ഞത്. ആദ്യ പന്തിൽ രാഹുൽ സിംഗിളെടുത്തു. രണ്ടാം പന്തിൽ പുതുതായി ക്രീസിലെത്തിയ ഷാക്കിബിന് റൺസെടുക്കാനായില്ല. മൂന്നാം പന്തിൽ ഷാക്കിബിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ കളി കൂടുതൽ സമ്മർദ്ദത്തിലേക്ക് വീഴ്ത്തി. ഇതോടെ കൊൽക്കത്തയുടെ ലക്ഷ്യം മൂന്ന് പന്തിൽ നിന്ന് ആറ് റൺസായി. 

സുനിൽ നരെയ്‌നാണ് ക്രീസിലെത്തിയത്. നാലാം പന്തിൽ നരെയ്‌നിനെ മടക്കി അശ്വിൻ വീണ്ടും ഡൽഹിയ്ക്ക് വിജയ പ്രതീക്ഷ നൽകി. എന്നാൽ അഞ്ചാം പന്തിൽ സിക്‌സടിച്ച് രാഹുൽ കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചു. രാഹുൽ 12 റൺസെടുത്തും ഫെർഗൂസൻ റണ്ണൊന്നും എടുക്കാതെയും പുറത്താവാതെ നിന്നു.

ഡൽഹിയ്ക്ക് വേണ്ടി ആന്റിച്ച് നോർക്കെ, അശ്വിൻ, റബാഡ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ കൊൽക്കത്ത ഡൽഹിയെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എടുത്തു. ശിഖർ ധവാനാണ് ടോപ്‌സ്‌കോറർ. രണ്ട് സിക്‌സും, ഒരു ഫോറുമൾപ്പടെ 39 പന്തിൽ നിന്ന് ധവാൻ 36 റൺസ് നേടി

കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാരാണ് ഡൽഹിയെ ചെറിയ സ്‌കോറിന് ഒതുക്കിയത്. ഡൽഹിയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ നാലോവറിൽ 32 റൺസെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ഷായെ മടക്കി വരുൺ ചക്രവർത്തി ഡൽഹിയെ തളർത്തി. 12 പന്തുകളിൽ നിന്ന് 18 റൺസെടുത്ത താരത്തെ വരുൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 

ഷായ്ക്ക് പകരം ഓൾറൗണ്ടർ മാർക്കസ് സ്‌റ്റോയിനിസാണ് ക്രീസിലെത്തിയത്. സ്‌റ്റോയിനിസും ധവാനും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ ഡൽഹി റൺറേറ്റ് ഇടിഞ്ഞു. ആദ്യ പത്തോവറിൽ 65 റൺസ് മാത്രമാണ് ടീമിന് നേടാനായത്. സ്‌കോർ 71 ൽ നിൽക്കേ 23 പന്തുകളിൽ നിന്ന് 18 റൺസെടുത്ത സ്‌റ്റോയിനിസിന്റെ കുറ്റി പിഴുതെടുത്ത് ശിവം മാവി ഡൽഹിയുടെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. സ്‌റ്റോയിനിസിന് പകരം ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്. സ്‌കോർ ഉയർത്താൻ ശ്രേയസ് ശ്രമിച്ചെങ്കിലും കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർ അതിന് അനുവദിച്ചില്ല. 

15ാം ഓവറിലെ ആദ്യ പന്തിൽ ശിഖർ ധവാനെ വരുൺ ചക്രവർത്തി പുറത്താക്കി. പിന്നാലെ വന്ന ഡൽഹി നായകൻ ഋഷഭ് പന്തിനും പിടിച്ചുനിൽക്കാനായില്ല. വെറും ആറ് റൺസ് മാത്രമെടുത്ത പന്തിനെ ലോക്കി ഫെർഗൂസൻ രാഹുൽ ത്രിപാഠിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഡൽഹി 15.2 ഓവറിൽ 90 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. 

പന്തിന് പകരം വന്ന ഷിംറോൺ ഹെറ്റ്‌മെയറെ വരുൺ ചക്രവർത്തി പുറത്താക്കിയെങ്കിലും അമ്പയർ നോബോൾ വിളിച്ചു. ഫ്രീഹിറ്റ് ലഭിച്ചിട്ടും അത് മുതലാക്കാൻ ഡൽഹിയ്ക്ക് സാധിച്ചില്ല. 17.1 ഓവറിലാണ് ടീം സ്‌കോർ 100 കടന്നത്. പിന്നാലെ രണ്ട് സിക്‌സടിച്ച് ഹെറ്റ്‌മെയർ സ്‌കോർ ഉയർത്തി. എന്നാൽ 19ാം ഓവറിൽ അനാവശ്യ റണ്ണിന് ശ്രമിച്ച ഹെറ്റ്‌മെയറെ വെങ്കടേഷ് അയ്യർ റൺ ഔട്ടാക്കി. 10 പന്തുകളിൽ നിന്ന് 17 റൺസാണ് താരം നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com