അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച് കോഹ്‌ലി; ഇന്ത്യക്കെതിരെ പാകിസ്ഥാന് 152 റണ്‍സ് ലക്ഷ്യം

അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച് കോഹ്‌ലി; ഇന്ത്യക്കെതിരെ പാകിസ്ഥാന് 152 റണ്‍സ് ലക്ഷ്യം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരേ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ചിര വൈരികള്‍ക്ക് മുന്നില്‍ ഇന്ത്യ 152 റണ്‍സ് വിജയ ലക്ഷ്യം വച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് കണ്ടെത്തിയത്. 

തുടക്കത്തില്‍ തകര്‍ന്ന ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഋഷഭ് പന്ത് എന്നിവരുടെ അവസരോചിത ബാറ്റിങാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രോഹിതിനെയും രാഹുലിനേയും ക്ഷണത്തില്‍ മടക്കി ഷഹീന്‍ ഷാ അഫ്രീദിയാണ് ഇന്ത്യയെ ഞെട്ടിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

രോഹിത് ശര്‍മ (0), കെഎല്‍ രാഹുല്‍ (3), സൂര്യകുമാര്‍ യാദവ് (11), ഋഷഭ് പന്ത് (39), രവീന്ദ്ര ജഡേജ (13), വിരാട് കോഹ്‌ലി (57), ഹര്‍ദ്ദിക് പാണ്ഡ്യ (11) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 

ക്യാപ്റ്റന്റെ ഇന്നിങ്‌സ്

ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് ദുബായില്‍ കോഹ്‌ലി പുറത്തെടുത്തത്. 49 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകളും ഒരു സിക്‌സും പറത്തിയാണ് കോഹ്‌ലി 57 റണ്‍സ് കണ്ടെത്തിയത്. അന്താരാഷ്ട്ര ടി20യിലെ നായകന്റെ 29ാം അര്‍ധ ശതകമാണ് ഇത്. 

ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ കോഹ്‌ലി അക്ഷോഭ്യനായി നിന്ന് പൊരുതിയതാണ് ഇന്ത്യക്ക് തുണയായത്. ഷഹീന്‍ അഫ്രീദിയാണ് കോഹ്‌ലിയെ മടക്കിയത്. 

തുടക്കത്തില്‍ തന്നെ ഞെട്ടി ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഷഹീന്‍ അഫ്രീദി രോഹിത് ശര്‍മയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരിട്ട ആദ്യ പന്തിലാണ് രോഹിത് പുറത്തായത്. പിന്നാലെ മൂന്നാം ഓവറില്‍ ഷഹീന്‍ കെഎല്‍ രാഹുലിനെയും (3) പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചു.

പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും ആറാം ഓവറില്‍ താരത്തെ ഹസന്‍ അലി പുറത്താക്കി. എട്ട്
പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 11 റണ്‍സായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം. 

നാലാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ വിരാട് കോഹ്‌ലി ഋഷഭ് പന്ത് സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോയി. തുടരെ രണ്ട് സിക്‌സുകള്‍ പറത്തി ഋഷഭ് പന്ത് ആവേശം നിറച്ചു. എന്നാല്‍ 13ാം ഓവറില്‍ പന്തിനെ മടക്കി ഷദബ് ഖാന്‍ ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. 30 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 39 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.

പിന്നീടെത്തിയ ജഡേജയ്ക്കും അധികം ആയുസുണ്ടായില്ല. താരത്തെ ഹസന്‍ അലിയാണ് മടക്കിയത്. 13 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം. ഹര്‍ദ്ദിക് പാണ്ഡ്യയും തിളങ്ങിയില്ല. താരം എട്ട് പന്തില്‍ 11 റണ്‍സുമായി മടങ്ങി. 

അഞ്ച് റണ്‍സുമായി ഭുവനേശ്വര്‍ കുമാറും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു. 

ഇന്ത്യയെ പ്രതിരോധത്തിലാക്കി ഷഹീന്‍ 

പ്രതീക്ഷിച്ചത് പോലെ ഷഹീന്‍ അഫ്രീദി ഇന്ത്യയെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കി. താരം നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹസന്‍ അലി രണ്ടും ഷദബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com