മുട്ടുകുത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ വയ്യ, ഡികോക്കിനെ ഇനി കളിപ്പിക്കരുതെന്ന് ആരാധകര്‍, വിമര്‍ശനം ശക്തം

മുട്ടുകുത്തി നിന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ മടിച്ചാണ് ഡികോക്കിന്റെ പിന്മാറ്റം എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ദുബായ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ കളിയില്‍ നിന്ന് സൗത്ത് ആഫ്രിക്കന്‍ താരം ഡികോക്ക് പിന്മാറിയത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. വംശിയതയ്ക്ക് എതിരെ മുട്ടുകുത്തി നിന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ മടിച്ചാണ് ഡികോക്കിന്റെ പിന്മാറ്റം എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. 

വര്‍ണ വെറിക്കെതിരെ നിലപാട് പ്രഖ്യാപിച്ച് ഗ്രൗണ്ടില്‍ മുട്ടുകുത്താനായിരുന്നു ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തങ്ങളുടെ കളിക്കാരോട് ആവശ്യപ്പെട്ടത്. ടീം ബസില്‍ വെച്ച് ഇക്കാര്യം അറിഞ്ഞ ഡികോക്ക് വെസ്റ്റ് ഇന്‍ഡീസിന് എതിരെ കളിക്കുന്നില്ലെന്ന് അറിയിച്ചതായാണ് ക്യാപ്റ്റന്‍ ബാവുമ പറയുന്നത്. 

മുന്‍പും വംശിയതയ്‌ക്കെതിരായ പോരില്‍ സൗത്ത് ആഫ്രിക്കന്‍ ടീം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചപ്പോഴും ഡികോക്ക് മാറി നിന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയതില്‍ ഡികോക്ക് വരും ദിവസങ്ങളില്‍ വിശദീകരണം നല്‍കുമെന്നാണ് അറിയുന്നത്. 

എന്നാല്‍ ഡികോക്കിനെ ഇനി ലോകകപ്പില്‍ കളിക്കാന്‍ അനുവദിക്കരുത് എന്ന ആവശ്യവും ശക്തമായി ഉയരുന്നു. ഡികോക്ക് മുട്ടുകുത്താതിരുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ടീം മാനേജ്‌മെന്റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി.

എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാല്‍ നിങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കി ബോധ്യത്തോടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ് എങ്കില്‍ അത് ഞങ്ങള്‍ക്ക് മനസിലാവും. അതല്ലാതെ ഞങ്ങളോട് ദയ തോന്നി ആരും ഇത് ചെയ്യേണ്ടതില്ല എന്നാണ് വിന്‍ഡിസ് ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com