മൂന്നില്‍ മൂന്ന്, സിക്‌സ് മഴയുമായി ആസിഫ്; അഫ്ഗാനിസ്ഥാനെ 5 വിക്കറ്റിന് തോല്‍പ്പിച്ച് ബാബറും സംഘവും

അഫ്ഗാന്‍ മുന്‍പില്‍ വെച്ച 148 റണ്‍സ് ഒരു ഓവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പിലെ മൂന്നാം ജയം തൊട്ട് പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാന് എതിരെ 5 വിക്കറ്റ് നേടി ബാബറും സംഘവും ലോകകപ്പ് സെമി ഫൈനല്‍ ഉറപ്പിക്കുകയാണ്. അഫ്ഗാന്‍ മുന്‍പില്‍ വെച്ച 148 റണ്‍സ് ഒരു ഓവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു. 

47 പന്തില്‍ നിന്ന് 51 റണ്‍സ് എടുത്ത് ബാബര്‍ കരുതലോടെ കളിച്ചപ്പോള്‍ അവസാന ഓവറുകളില്‍ സിക്‌സ് മഴയുമായി എത്തി ആസിഫ് അലി പാകിസ്ഥാന്റെ ജയം വേഗത്തിലാക്കി. കരീം ജെന്നത്തിന്റെ 19ാം ഓവറിലായിരുന്നു ആസിഫിന്റെ കൂറ്റനടികള്‍. 

ഏഴ് പന്തില്‍ നിന്ന് നാല് സിക്‌സ് ആണ് ആസിഫ് അലി പറത്തിയത്. ഫഖര്‍ സമന്‍ 30 റണ്‍സ് നേടി. മുഹമ്മദ് റിസ്വാന്‍ 8 റണ്‍സ് മാത്രം എടുത്ത് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബാബറും ഫഖരും ചേര്‍ന്ന് 63 റണ്‍സ് കണ്ടെത്തി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞതിന് പിന്നാലെ പാകിസ്ഥാന്‍ ചെറുതായി പതറി. 

17ാം ഓവറില്‍ ബാബര്‍ അസമിനെ റാഷിദ് മടക്കി. പിന്നാലെ മാലിക്കും മടങ്ങിയതോടെ പാകിസ്ഥാന്‍ സമ്മര്‍ദത്തിലേക്ക് വീണു. എന്നാല്‍ ആസിഫ് അലി സിക്‌സുകള്‍ പായിച്ചതോടെ ഒരു ഓവര്‍ ബാക്കി നില്‍ക്കെ പാകിസ്ഥാന്‍ ജയത്തിലേക്ക് എത്തി. 

തുടക്കത്തിലെ അഫ്ഗാനിസ്ഥാന്റെ കൂട്ടത്തകര്‍ച്ച

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഒരുവേള ടീം സ്‌കോര്‍ 100 കടക്കുമോ എന്ന് പോലും സംശയമുണര്‍ത്തുന്ന തരത്തിലായിരുന്നു അഫ്ഗാന്റെ തകര്‍ച്ച. ഒരു ഘട്ടത്തില്‍ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലായിരുന്നു.

ഏഴാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ മുഹമ്മദ് നബി, ഗുല്‍ബദിന്‍ല നയ്ബ് എന്നിവരുടെ അവസരോചിത ബാറ്റിങാണ് അഫ്ഗാനെ രക്ഷിച്ചത്. ഇരുവരും പുറത്താകാതെ നിന്നു. 

നബി 32 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 35 റണ്‍സും നയ്ബ് 25 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സും കണ്ടെത്തി. നജീബുള്ള സാദ്രന്‍ (22), കരിം ജനത് (15), അസ്ഗര്‍ അഫ്ഗാന്‍ (10), റഹ്മനുള്ള ഗുര്‍ബസ് (10), മുഹമ്മദ് ഷഹസാദ് (8), ഹസ്രത്തുള്ള സസായ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങള്‍. 

പാകിസ്ഥാന് വേണ്ടി ഇമദ് വാസിം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com