സഞ്ജു സാംസണ്‍ സ്ഥാനം പിടിക്കുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും

സഞ്ജു സാംസണ്‍ സ്ഥാനം പിടിക്കുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 15 അംഗ സംഘത്തെയാണ് പ്രഖ്യാപിക്കുക. ഈ മാസം പത്തിന് മുന്‍പ് ടീമുകള്‍ പട്ടിക കൈമാറണമെന്നാണ് നിയമം. അതിനാല്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് അവസാനിക്കുന്നതിന് പിന്നാലെ ലോകകപ്പ് ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

സെലക്ടര്‍മാര്‍ ടീമിനെ തിരഞ്ഞെടുത്തു കഴിഞ്ഞുവെന്നും ഇനി പ്രഖ്യാപനം മാത്രമെ അവശേഷിക്കുന്നുള്ളുവെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നാലാം ടെസ്റ്റ് വേഗത്തില്‍ തീര്‍ന്നാല്‍ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടായേക്കാം. ഇല്ലെങ്കില്‍ നാളെ അറിയാം ടീമിനെ. 

മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പാണ്. ഓപ്പണിങ് സ്ഥാനത്തേക്ക് ശിഖര്‍ ധാവനൊപ്പം പൃഥ്വി ഷായും അവകാശവുമായി നില്‍ക്കുന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരുണ്ടാകും. ഈ സ്ഥാനത്തേക്കാണ് സഞ്ജു ഉറ്റുനോക്കുന്നത്. മാര്‍ച്ച് മുതല്‍ കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശ്രേയസ് അയ്യരും ടീമില്‍ ഇടം പ്രതീക്ഷിക്കുന്നു. 

പേസ് പടയെ ജസ്പ്രിത് ബുമ്‌റയായിരിക്കും നയിക്കുക. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍ എന്നിവരും സ്ഥാനം പിടിച്ചേക്കും. യുസ്‌വേന്ദ്ര ചഹലാണ് സ്പിന്‍ അറ്റാക്കിനെ നയിക്കുക. ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഇടം പിടിക്കും. ഇവര്‍ക്കൊപ്പം ക്രുണാലിനും അവസരമുണ്ടാകും. വാഷിങ്ടന്‍ സുന്ദറിന്റെ അഭാവത്തില്‍ ആര്‍ അശ്വിന് സ്ഥാനമുണ്ടാകുമോ എന്നും കണ്ടറിയാം. 

ചിരവൈരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓക്ടോബര്‍ 24നാണ് ഈ സ്വപ്ന പോരാട്ടാം. ഫൈനല്‍ പോരാട്ടം നവംബര്‍ 15ന് അരങ്ങേറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com