തുടക്കം മുതലാക്കാനായില്ല; ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് 157 റണ്‍സ് വിജയലക്ഷ്യം

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 157 റണ്‍സ് വിജയലക്ഷ്യം
ദേവ്ദത്ത് പടിക്കല്‍, IMAGE CREDIT: IndianPremierLeague
ദേവ്ദത്ത് പടിക്കല്‍, IMAGE CREDIT: IndianPremierLeague

ഷാര്‍ജ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 157 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ വിരാട് കോലിയും അര്‍ധ സെഞ്ചുറി നേടിയതാണ് ബാംഗ്ലൂരിന് മാന്യമായ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. എന്നാല്‍ തുടക്കത്തിലെ മികച്ച തുടക്കം മുതലാക്കാന്‍ ബാംഗ്ലൂരിന് സാധിച്ചില്ല.

അവസാന ഓവറുകളിലെ ചെന്നൈ ബൗളര്‍മാരുടെ പ്രകടനമാണ് വലിയ സ്‌കോറിലേക്ക് പോകുകയായിരുന്ന ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയത.് ആദ്യ പത്തോവറില്‍ 90 റണ്‍സെടുത്ത ബാംഗ്ലൂരിന് പിന്നീടുള്ള പത്തോവറില്‍ വെറും 66 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആകെ നേടിയ 156 റണ്‍സില്‍ 123 റണ്‍സും കോലിയും ദേവ്ദത്തും ചേര്‍ന്ന് നേടിയതാണ്. മറ്റ് ബാറ്റ്സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി.

ചെന്നൈ ബൗളര്‍മാരെ അനായാസമാണ് കോലിയും ദേവ്ദത്തും നേരിട്ടത്. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ധോനിയ്ക്ക് ഈ കൂട്ടുകെട്ടില്‍ വിള്ളല്‍ വരുത്താനായില്ല. 11.1 ഓവറില്‍ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒപ്പം ദേവ്ദത്ത് അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. 35 പന്തുകളില്‍ നിന്നാണ് താരം ഐ.പി.എല്ലിലെ തന്റെ ആറാം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. 

പിന്നാലെ കോലിയും അര്‍ധശതകം പൂര്‍ത്തിയാക്കി. 37 പന്തുകളില്‍ നിന്നാണ് താരം ഐ.പി.എല്ലിലെ തന്റെ 41-ാം അര്‍ധസെഞ്ചുറി കുറിച്ചത്. കോലി ഫോമിലേക്കുയര്‍ന്നതോടെ ബാംഗ്ലൂര്‍ ടീം ഒന്നടങ്കം ആവേശത്തിലായി. എന്നാല്‍ കോലിയെ മടക്കി ബ്രാവോ ഈ സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ചു. ദേവ്ദത്തിനെ ശാര്‍ദുലാണ് മടക്കിയത്. 

ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ന്‍ ബ്രാവോ നാലോവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ദീപക് ചാഹര്‍ ഒരു വിക്കറ്റ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com