'യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം, അതിനാലാണ് വാര്‍ണറെ ഒഴിവാക്കിയത്'; ഹൈദരാബാദ് കോച്ചിന്റെ വിശദീകരണം

'ഫൈനലിലേക്ക് ഞങ്ങള്‍ക്ക് എത്താനാവില്ല. അതിനാല്‍ ടീമിനുള്ളിലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചു'
ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം
ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം

ദുബായ്: ഡേവിഡ് വാര്‍ണറെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകന്‍ ട്രവര്‍ ബേയ്‌ലിസ്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് വാര്‍ണറെ മാറ്റി നിര്‍ത്തിയത് എന്ന് ഹൈദരാബാദ് പരിശീലകന്‍ വ്യക്തമാക്കുന്നു. 

ഫൈനലിലേക്ക് ഞങ്ങള്‍ക്ക് എത്താനാവില്ല. അതിനാല്‍ ടീമിനുള്ളിലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചു. കളിയില്‍ മാത്രമല്ല, ഗ്രൗണ്ടിലും അതിനോട് ചേര്‍ന്നുള്ള കാര്യങ്ങളിലുമെല്ലാം യുവ താരങ്ങള്‍ക്ക് അനുഭവസമ്പത്ത് നേടാനുള്ള വഴിയൊരുക്കുകയാണ്, ഹൈദരാബാദ് പരിശീലകന്‍ പറഞ്ഞു. 

ഗ്രൗണ്ടിലേക്ക് പോലും എത്താത്ത യുവ താരങ്ങള്‍ ഉണ്ട്. അവര്‍ക്ക് അവസരം നല്‍കുകയാണ് ലക്ഷ്യം. അടുത്ത മത്സരങ്ങളിലും ഇത് തുടരും ബെയ്‌ലിസ് പറഞ്ഞു. ഇതോടെ ഇനി വരുന്ന മത്സരങ്ങളിലും വാര്‍ണര്‍ ഹൈദരാബാദിനായി കളിക്കില്ലെന്നാണ് വ്യക്തമാകുന്നത്. ഗ്രൗണ്ടിലേക്ക് എത്തില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി വാര്‍ണര്‍ പറയുകയും ചെയ്തിരുന്നു. 

ഹോട്ടലില്‍ ഇരുന്ന് വാര്‍ണര്‍ കളി കാണുകയും കളിക്കാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ടാവും. എല്ലാവരേയും പോലെ തന്നെ. ഞങ്ങളെല്ലാവരും ഇതില്‍ ഒരുമിച്ചാണെന്നും ഹൈദരാബാദ് പരിശീലകന്‍ പറയുന്നു. ഐപിഎല്‍ 14ാം സീസണില്‍ നിന്ന് പ്ലേഓഫ് കാണാതെ ഹൈദരാബാദ് പുറത്തായി കഴിഞ്ഞു. 

എന്നാല്‍ രാജസ്ഥാനെതിരായ കളിയില്‍ മികച്ച ജയം പിടിക്കാന്‍ അവര്‍ക്കായി. രാജസ്ഥാന്‍ മുന്‍പില്‍ വെച്ച 165 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 9 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയം പിടിച്ചു. ജാസന്‍ റോയും വില്യംസണും അര്‍ധ ശതകം നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com