'ഇത് സങ്കടപ്പെടുത്തുന്നു', ഐപിഎല്ലിനായി കളിക്കാരെ വിട്ട സൗത്ത് ആഫ്രിക്കയെ വിമര്‍ശിച്ച് അഫ്രീദി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 01:59 PM |
Last Updated: 08th April 2021 01:59 PM | A+A A- |

ഷാഹിദ് അഫ്രീദി /ഫയല്‍ ചിത്രം
ലാഹോര്‍: പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് ഇടയില്‍ കളിക്കാരെ ഐപിഎല്ലിനായി വിട്ട സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ടി20 ലീഗുകള്‍ രാജ്യാന്തര ക്രിക്കറ്റിനെ സ്വാധീനിക്കുന്നത് സങ്കടപ്പെടുത്തുന്നതാണെന്ന് അഫ്രീദി പറഞ്ഞു.
ഒരു പരമ്പരയുടെ മധ്യത്തില്‍ വെച്ച് കളിക്കാരെ ഐപിഎല്ലിനായി വിട്ട ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ നടപടി അമ്പരപ്പിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിനെ ടി20 ലീഗുകള്‍ സ്വാധീനിക്കുന്നത് സങ്കടപ്പെടുത്തുന്നു. ചില പുനര്‍വിചിന്തനങ്ങള്‍ നടത്തേണ്ടതുണ്ട്, അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് പാകിസ്ഥാന്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് അഫ്രീദിയുടെ വിമര്‍ശനം. പരമ്പര വിജയിയെ നിര്‍ണയിച്ച അവസാന ഏകദിനത്തില്‍ സൗത്ത് ആഫ്രിക്ക തോല്‍വിയിലേക്ക് വീണപ്പോള്‍ ഡികോക്ക്, റബാഡ, നോര്‍ജെ എന്നിവര്‍ സൗത്ത് ആഫ്രിക്കന്‍ നിരയിലുണ്ടായില്ല.
Surprising to see @OfficialCSA allowing players to travel for IPL in the middle of a series. It is sad to see T20 leagues influencing international cricket. Some rethinking needs to be done!! https://t.co/5McUzFuo8R
— Shahid Afridi (@SAfridiOfficial) April 7, 2021
അവസാന ഏകദിനത്തില്‍ 28 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഫഖര്‍ സമന്റെ സെഞ്ചുറിയുടേയും ബാബര്‍ അസമിന്റെ 94 റണ്‍സിന്റേയും ബലത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മുന്‍പില്‍ വെച്ചത് 320 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 292 റണ്‍സിന് ഓള്‍ഔട്ടായി.