'ആദ്യ രണ്ട് സെഞ്ചുറിയും ക്രിക്കറ്റില്‍ പിന്നിലെന്ന് പറയുന്ന കേരളത്തില്‍ നിന്ന്'; മലയാളിക്ക് കയ്യടിച്ച് ശശി തരൂര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2021 01:24 PM  |  

Last Updated: 23rd April 2021 01:24 PM  |   A+A-   |  

shashi_tharoor_devdutt_padikkal

ശശി തരൂര്‍, ദേവ്ദത്ത് പടിക്കല്‍/ഫോട്ടോ: സോഷ്യല്‍ മീഡിയ

 

ന്യൂഡല്‍ഹി: ഐപിഎല്‍ 14ാം സീസണിലെ ആദ്യ രണ്ട് സെഞ്ചുറിയും മലയാളി താരങ്ങളുടെ പേരിലേക്ക് എത്തിയതിനെ പ്രശംസിച്ച് ശശി തരൂര്‍ എംപി. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആണ് സീസണിലെ ആദ്യ സെഞ്ചുറി നേടിയത്. സഞ്ജുവിന്റെ ടീമിനെതിരെ ദേവ്ദത്ത് പടിക്കലും മൂന്നക്കം കടന്നു. 

ക്രിക്കറ്റില്‍ കേരളം പിന്നോക്കം നില്‍ക്കുന്നു എന്ന് വിലയിരുത്തപ്പെടുമ്പോഴാണ് ഈ വര്‍ഷത്തെ ഐപിഎല്ലിലെ രണ്ട് സെഞ്ചുറികള്‍ മലയാളികളുടെ പേരിലായിരിക്കുന്നത്. ഇതുവരെ മൂന്നക്കം കടക്കാനായത് ഇവര്‍ക്ക് മാത്രമാണ്. സഞ്ജുവിനും ദേവ്ദത്തിനും അഭിനന്ദനം, ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

പഞ്ചാബ് കിങ്‌സിന് എതിരെയാണ് സഞ്ജു സെഞ്ചുറി നേടിയത്. 63 പന്തില്‍ നിന്ന് 12 ഫോറും ഏഴ് സിക്‌സും പറത്തി സഞ്ജു 119 റണ്‍സ് നേടി. സഞ്ജുവിന്റെ ടീമിന് ജയം നിഷേധിച്ചാണ് ദേവ്ദത്ത് തന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്. ഐപിഎല്ലിലെ സഞ്ജുവിന്റെ മൂന്നാം സെഞ്ചുറിയായിരുന്നു അത്. ദേവ്ദത്തിന്റേത് ആദ്യത്തേതും.