എന്തുകൊണ്ട് ന്യൂസിലാന്‍ഡിനെ ഫോളോഓണ്‍ ചെയ്യിച്ചില്ല? വിശദീകരണവുമായി മുന്‍ താരം

ന്യൂസിലന്‍ഡ് 66 റണ്‍സിന് തകര്‍ന്നതിന് പിന്നാലെ സന്ദര്‍ശകരെ എന്തുകൊണ്ട് ഫോളോഓണ്‍ ചെയ്യിച്ചില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 66 റണ്‍സിന് തകര്‍ന്നതിന് പിന്നാലെ സന്ദര്‍ശകരെ എന്തുകൊണ്ട് ഫോളോഓണ്‍ ചെയ്യിച്ചില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനത്തിലേക്ക് കോഹ് ലിയും രാഹുല്‍ ദ്രാവിഡും എത്തി എന്നതിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. 

തങ്ങളുടെ ബാറ്റ്‌സ്മാന്മാര്‍ക്ക് ക്രീസില്‍ കൂടുതല്‍ സമയം നല്‍കണം എന്നത് കൊണ്ടാണ് ന്യൂസിലാന്‍ഡിനെ ഇന്ത്യ ഫോളോഓണിന് വിടാതിരുന്നത്. സൗത്ത് ആഫ്രിക്കന്‍ പര്യടനം മുന്‍പിലുള്ളത് മുന്‍പില്‍ കണ്ടായിരിക്കണം ഇന്ത്യയുടെ ഈ തീരുമാനം. കോഹ് ലിയും പൂജാരയും സെഞ്ചുറി നേടിയിട്ട് ഒരുപാട് നാളായി. മൂന്നാം ദിനം മുഴുവന്‍ ഇന്ത്യ ബാറ്റ് ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. അതായിരിക്കും അവരുടെ ലക്ഷ്യം, ലക്ഷ്മണ്‍ പറഞ്ഞു. 

ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടി

എന്നാല്‍ ഫോളോ ഓണ്‍ ചെയ്യിക്കാതിരുന്നത് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയായിരിക്കും എന്നാണ് ന്യൂസിലാന്‍ഡ് മുന്‍ താരം ഡാനിയല്‍ വെറ്റോറി പ്രതികരിച്ചത്. ഫോളോ ഓണ്‍ ചെയ്യിക്കാന്‍ പല ക്യാപ്റ്റന്മാര്‍ക്കും താത്പര്യം ഉണ്ടാവില്ല. ജോലിഭാരം കുറയ്ക്കുന്നതിനായി ബൗളര്‍മാര്‍ക്ക് വേണ്ട വിശ്രമം നല്‍കുക എന്നതാണ് പ്രധാന കാരണം. എന്നാല്‍ കിവീസിന്റെ ഒന്നാം ഇന്നിങ്‌സില്‍ 28-29 ഓവറാണ് ഇന്ത്യ ബൗള്‍ ചെയ്തത്. ആ സാഹചര്യത്തില്‍ കോഹ് ലിക്ക് ഫോളോ ഓണ്‍ ചെയ്യിക്കായിരുന്നു. എന്നാല്‍ കോഹ് ലി അതിന് മുതിര്‍ന്നില്ല. അതില്‍ തെറ്റുണ്ടെന്നും എനിക്ക് തോന്നുന്നില്ല. തിരിച്ചു വരിക എന്നത് ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് അസാധ്യമാണ് എന്നും വെറ്റോറി പറഞ്ഞു. 

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 10 വിക്കറ്റ് നേട്ടവുമായി അജാസ് പട്ടേല്‍ ചരിത്രത്തില്‍ ഇടം നേടിയതിന്റെ ആഘോഷത്തില്‍ നില്‍ക്കവെ കിവീസ് ബാറ്റിങ് നിര ഇന്ത്യക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞു. 62 റണ്‍സിനാണ് ഓന്നാം ഇന്നിങ്‌സില്‍ കിവീസ് ഓള്‍ഔട്ടായത്. ആര്‍ അശ്വിന്‍ നാല് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com