2021ലെ ബെസ്റ്റ് ടെസ്റ്റ് ഇലവനുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ; കോഹ്‌ലി ഇല്ല, 4 ഇന്ത്യന്‍ കളിക്കാര്‍ ടീമില്‍ 

രോഹിത് ശര്‍മ, ആര്‍ അശ്വിന്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
രോഹിത് ശര്‍മ, ആര്‍ അശ്വിന്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

2021ലെ മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നാല് ഇന്ത്യന്‍ കളിക്കാരാണ് ഇലവനില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി ടീമില്‍ ഇല്ല. 

ഓപ്പണിങ്ങില്‍ രോഹിത്തും കരുണരത്‌നയും

രോഹിത് ശര്‍മയും ദിമുത് കരുണരത്‌നയുമാണ് ഓപ്പണര്‍മാര്‍. കരുണരത്‌ന തന്നെയാണ് ക്യാപ്റ്റനും. ഈ വര്‍ഷം രോഹിത് ടെസ്റ്റില്‍ 906 റണ്‍സ് നേടിയിരുന്നു. രണ്ട് സെഞ്ചുറിയും നാല് അര്‍ധ ശതകവും രോഹിത് കണ്ടെത്തി. 902 റണ്‍സ് ആണ് ഈ വര്‍ഷം കരുണരത്‌നെ നേടിയത്. ബാറ്റിങ് ശരാശരി 69.38. നാല് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഈ വര്‍ഷം കരുണരത്‌നെ നേടി. ബംഗ്ലാദേശിന് എതിരായ 244 റണ്‍സും ഇതില്‍ ഉള്‍പ്പെടുന്നു. 

മധ്യനിരയില്‍ ലാബുഷെയ്‌നും റൂട്ടും ഫവദ് അലമും

65.75 ആണ് ടെസ്റ്റില്‍ ഈ വര്‍ഷം ലാബുഷെയ്‌നിന്റെ ബാറ്റിങ് ശരാശരി. രണ്ട് സെഞ്ചുറിയും നാല് അര്‍ധ ശതകവും ലാബുഷെയ്ന്‍ നേടി. ഈ വര്‍ഷത്തെ റണ്‍ സമ്പാദ്യം 526. ആറ് സെഞ്ചുറിയാണ് 2021ല്‍ റൂട്ട് കണ്ടെത്തിയത്. നാല് അര്‍ധ ശതകവും. 61 എന്ന ബാറ്റിങ് ശരാശരിയില്‍ റൂട്ട് വാരിക്കൂട്ടിയത് 1708 റണ്‍സ്. 2021ല്‍ ഫവദ് അലമും ബാറ്റിങ്ങില്‍ തിളങ്ങി. 571 റണ്‍സ് ആണ് പാക് താരം കണ്ടെത്തിയത്. മൂന്ന് വട്ടം സ്‌കോര്‍ മൂന്നക്കം കടത്തിയപ്പോള്‍ രണ്ട് അര്‍ധ ശതകവും നേടി. 

വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്ത്

ഋഷഭ് പന്തിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തത്. 748 റണ്‍സ് ആണ് പന്ത് ഈ വര്‍ഷം സ്വന്തമാക്കിയത്. 30 ക്യാച്ചുകളും ആറ് സ്റ്റംപിങ്ങും പന്ത് തന്റെ അക്കൗണ്ടിലേക്ക് ചേര്‍ക്കുന്നു. 

സ്പിന്നര്‍മാര്‍ അശ്വിനും അക്ഷര്‍ പട്ടേലും 

അശ്വിനും അക്ഷര്‍ പട്ടേലുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇലവനിലെ സ്പിന്നര്‍മാര്‍. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് അശ്വിനാണ്. 9 കളിയില്‍ നിന്ന് 57 വിക്കറ്റ് അശ്വിന്‍ വീഴ്ത്തി. അക്ഷര്‍ പട്ടേല്‍ 5 ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റും. 

പേസര്‍മാരായി ജാമിസണും ഹസന്‍ അലിയും ഷഹീനും

ഈ വര്‍ഷം അഞ്ച് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റ് ആണ് കിവീസിന്റെ ജാമിസണ്‍ വീഴ്ത്തിയത്. 48-6 എന്നത് ബെസ്റ്റ് ഫിഗറും. 9 കളിയില്‍ നിന്ന് 47 വിക്കറ്റാണ് ഷഹീന്‍ അഫ്രീദി വീഴ്ത്തിയത്. ഹസന്‍ അലി 8 കളിയില്‍ നിന്ന് 41 വിക്കറ്റും. 

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2021ലെ ഇലവന്‍: രോഹിത് ശര്‍മ, ദിമിത് കരുണരത്‌നെ(ക്യാപ്റ്റന്‍), ലാബുഷെയ്ന്‍, ജോ റൂട്ട്, ഫവദ് അലം, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ജാമിസണ്‍, അക്ഷര്‍ പട്ടേല്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com