ചെന്നൈ ടെസ്റ്റ്; കളി ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്നെടുത്ത് ബൂമ്രയും അശ്വിനും; രണ്ട് വിക്കറ്റ് നഷ്ടം

27 ഓവറിലേക്ക് ഇംഗ്ലണ്ട് ഇന്നിങ്‌സ് എത്തിയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ഷകര്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍
ചെന്നൈ ടെസ്റ്റില്‍ ബേണ്‍സിന്റെ വിക്കറ്റ് വീഴ്ത്തി അശ്വിന്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ചെന്നൈ ടെസ്റ്റില്‍ ബേണ്‍സിന്റെ വിക്കറ്റ് വീഴ്ത്തി അശ്വിന്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: ആദ്യ ടെസ്റ്റിന്റെ ആദ്യ മണിക്കൂറുകളില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പിന്നാലെ കളിയിലേക്ക് തിരിച്ചെത്തി ഇന്ത്യ. 27 ഓവറിലേക്ക് ഇംഗ്ലണ്ട് ഇന്നിങ്‌സ് എത്തിയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ഷകര്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍. 

ബേണ്‍സിനെ മടക്കി അശ്വിന്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ റണ്‍ എടുക്കും മുന്‍പേ ഡാന്‍ ലോറന്‍സിനെ ബൂമ്ര വിക്കറ്റിന് മുന്‍പില്‍ കുടുക്കി. 60 പന്തില്‍ നിന്ന് രണ്ട് ഫോറുകളോടെ 33 റണ്‍സ് നേടി നില്‍ക്കെയാണ് ബേണ്‍സിനെ അശ്വിന്‍ പന്തിന്റെ കൈകളില്‍ എത്തിച്ചത്. 

അശ്വിന് എതിരെ റിവേഴ്‌സ് സ്വീപ്പ് കളിക്കാനായിരുന്നു ബേണ്‍സിന്റെ ശ്രമം. എന്നാല്‍ ബൗണ്‍സ് ചെയ്ത പന്ത് ബേണ്‍സിന്റെ ഗ്ലൗസില്‍ കൊണ്ട് പന്തിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ബേണ്‍സ് അവിടെ വിക്കറ്റ് കളഞ്ഞുകുളിച്ചത്. 

ഇംഗ്ലണ്ട് സ്‌കോര്‍ 63ല്‍ നില്‍ക്കെയാണ് ബേണ്‍സും, ലോറന്‍സും മടങ്ങിയത്. 5 പന്തില്‍ ഡക്കാവുകയായിരുന്നു ഇംഗ്ലണ്ടിനായി മൂന്നാമത് ബാറ്റിങ്ങിന് ഇറങ്ങിയ താരം. സ്പിന്നിന് എതിരെ നന്നായി കളിക്കുന്ന താരമാണ് ലോറന്‍സ്. ഇത് മനസിലാക്കി കോഹ് ലി ബൂമ്രയെ ആക്രമണത്തിലേക്ക് കൊണ്ടുവന്നു. 

ബൂമ്രയുടെ എറൗണ്ട് ഓഫായി പിച്ച് ചെയ്ത് എത്തിയ ഡെലിവറിയില്‍ ഫഌക്ക് ചെയ്യാനായിരുന്നു ലോറന്‍സിന്റെ ശ്രമം. എന്നാല്‍ ബാക്ക്പാഡിലാണ് പന്ത് വന്ന് കൊണ്ടത്. അമ്പയര്‍ ഔട്ട് വിളിച്ചതോടൈ ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റും ചെപ്പോക്കില്‍ വീണു. 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൂമ്ര, ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ക്ക് എതിരെ ആദ്യ മണിക്കൂറുകളില്‍ കരുതലോടെ കളിക്കാന്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്കായിരുന്നു. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ഏഴാം ഓവറില്‍ തന്നെ അശ്വിനെ കോഹ് ലി ആക്രമണത്തിലേക്ക് കൊണ്ടുവന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴും വാഷിങ്ടണ്‍ സുന്ദര്‍ പന്തെറിയാന്‍ എത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com