ഇന്ത്യന്‍ കളിക്കാരും മനുഷ്യരാണ്, ഐപിഎല്ലിന് ശേഷം ഇടവേള വേണം: രവി ശാസ്ത്രി

2021ലെ ഐപിഎല്‍ സീസണ്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണം എന്ന് പരിശീലകന്‍ രവി ശാസ്ത്രി
ബൂമ്ര/ഫോട്ടോ: പിടിഐ
ബൂമ്ര/ഫോട്ടോ: പിടിഐ

ചെന്നൈ: 2021ലെ ഐപിഎല്‍ സീസണ്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണം എന്ന് പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും മനുഷ്യരാണെന്ന് ശാസ്ത്രി പറഞ്ഞു. 

ഇംഗ്ലണ്ടിന് എതിരായ പരമ്പരയ്ക്ക് ശേഷം ഐപിഎല്ലിലേക്കാണ് അവര്‍ പോവുന്നത്. ഐപിഎല്ലിന് ശേഷം ഏതാനും ആഴ്ച വിശ്രമം ലഭിക്കണം. കാരണം ക്വാറന്റൈനും, ബബിളുകളുമെല്ലാം മാനസിക പിരുമുറുക്കം കൂട്ടുന്നവയാണ്. നമ്മള്‍ മനുഷ്യരാണ്, ശാസ്ത്രി പറഞ്ഞു. 

2021ല്‍ എല്ലാ പരമ്പരയ്ക്കും എല്ലാ ഫോര്‍മാറ്റിനും പ്രാധാന്യം കൊടുത്താണ് മുന്‍പോട്ട് പോവുന്നത്. ഒരു സമയം ഒരു സ്റ്റെപ്പ് എന്നതാണ് ഞങ്ങളുടെ കണക്ക്. എല്ലാ ഫോര്‍മാറ്റിലേക്കുമായുള്ള ബെഞ്ച് സ്‌ട്രെങ്ത് നമുക്കുണ്ട്. അത് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ദാഹം കളിക്കാരില്‍ സൃഷ്ടിക്കുന്നതായും ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ചൂണ്ടിക്കാണിച്ചു. 

ഐപിഎല്ലിനായി 2020 ഓഗസ്റ്റില്‍ യുഎഇയിലേക്ക് പോയതോടെയാണ് കോവിഡ് ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ യാത്ര ആരംഭിച്ചത്. അവിടെ ക്വാറന്റൈനിലും ബയോ ബബിളിലും കഴിഞ്ഞതിന് പിന്നാലെ നേരെ ഓസ്‌ട്രേലിയയിലേക്ക്. 

ജനുവരി രണ്ടാം ആഴ്ചയോടെയാണ് ഓസ്‌ട്രേലിയയില്‍് നിന്ന് ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരികെ എത്തിയത്. ചെന്നൈയില്‍ എത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ആറ് ദിവസം ക്വാറന്റൈനില്‍ ഇരുന്നതിന് ശേഷമാണ് പരിശീലനം ആരംഭിക്കാനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com