വിദേശത്ത് പച്ചപ്പുല്ല് നിറഞ്ഞ പിച്ച് വരുമ്പോള്‍ ഞങ്ങള്‍ പരാതി പറയാറില്ല: അക്‌സര്‍ പട്ടേല്‍

പിച്ചിനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് എങ്കില്‍, ഒരു പന്തും ഹെല്‍മറ്റില്‍ കൊള്ളുന്നത് ഞാന്‍ കാണുന്നില്ല
വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലിനെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: പിടിഐ
വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലിനെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: പിടിഐ

ചെന്നൈ: ഇന്ത്യയിലെ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ അസ്വസ്ഥരാവുന്നവര്‍ക്ക് ഇന്ത്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിന്റെ മറുപടി. വിദേശത്ത് സീം സൗഹൃദ പിച്ചുകള്‍ നിങ്ങളുണ്ടാക്കുമ്പോള്‍ ഇന്ത്യ ഒരിക്കലും പരാതി പറഞ്ഞിട്ടില്ലെന്നാണ് അക്‌സര്‍ പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നത്. 

പിച്ചിനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് എങ്കില്‍, ഒരു പന്തും ഹെല്‍മറ്റില്‍ കൊള്ളുന്നത് ഞാന്‍ കാണുന്നില്ല. സാധാരണ സ്പിന്നാണ് ലഭിക്കുന്നത്. അതേ ട്രാക്കില്‍ തന്നെയാണ് ഞങ്ങള്‍ കളിക്കുന്നതും, റണ്‍സ് കണ്ടെത്തുന്നതും. അതുകൊണ്ട് ആര്‍ക്കും തന്നെ പിച്ചില്‍ പ്രശ്‌നങ്ങളുണ്ടാവേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. ഇങ്ങനെയുള്ള വിക്കറ്റാണ്, അങ്ങനെയുള്ള വിക്കറ്റാണ് എന്ന് പറയേണ്ടതുമില്ല, അക്‌സര്‍ പട്ടേല്‍ പറഞ്ഞു. 

നമ്മള്‍ വിദേശത്ത് പോവുമ്പോള്‍ സീം ലഭിക്കുന്ന ട്രാക്കില്‍ കളിക്കുമ്പോള്‍, വിക്കറ്റില്‍ കൂടുതല്‍ പച്ചപ്പുല്ല് ഉണ്ടെന്നൊന്നും പരാതി പറയാറില്ല. വിക്കറ്റിനെ കുറിച്ച് ചിന്തിക്കാതെ ആളുകള്‍ അവരുടെ ചിന്താഗതി മാറ്റണം എന്നാണ് എനിക്ക് തോന്നുന്നത് എന്നും അക്‌സര്‍ പട്ടേല്‍ പറഞ്ഞു. 

മൂന്നാം ദിനമായതിനാലാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാതിരുന്നത്. നാലാം ദിനമായിരുന്നു എങ്കില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തേനെ. നോര്‍മല്‍ ക്രിക്കറ്റാണ് ഞങ്ങള്‍ കളിച്ചത്. അശ്വിനൊപ്പം ഒരുപാട് നാളായി കളിക്കുന്നു. ഞങ്ങളുടേത് വ്യത്യസ്ത ആക്ഷനും, വേരിയേഷനുകളുമാണ്. ഓരോ ബാറ്റ്‌സ്മാനേയും എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് തങ്ങള്‍ സംസാരിക്കാറുണ്ടെന്നും അക്‌സര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com