ഹര്‍ഭജനും സ്മിത്തിനും കേദാറിനും രണ്ട് കോടി അടിസ്ഥാന വില; ഐപിഎല്‍ താര ലേലം ഇന്ന്

ഹര്‍ഭജനും സ്മിത്തിനും കേദാറിനും രണ്ട് കോടി അടിസ്ഥാന വില; ഐപിഎല്‍ താര ലേലം ഇന്ന്
ചിത്രം/ ട്വിറ്റർ
ചിത്രം/ ട്വിറ്റർ

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ താര ലേലം ഇന്ന്. ചെന്നൈയില്‍ ഇന്ന് മൂന്ന് മണിക്കാണ് ലേലം ആരംഭിക്കുന്നത്. 

164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 292 പേരാണു മിനി ലേലത്തില്‍ പങ്കെടുക്കുന്നത്. എട്ട് ടീമുകളിലായി പരമാവധി 61 താരങ്ങള്‍ക്ക് അവസരമൊരുങ്ങും. വിദേശ താരങ്ങളില്‍ നിന്ന് 22 പേര്‍ക്കാണു ടീമുകളുടെ വിളിയെത്തുക.

താര ലേലത്തിനു മുന്നോടിയായി എട്ട് ടീമുകളും ചേര്‍ന്ന് 139 താരങ്ങളെയാണ് നിലനിര്‍ത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തു. ലേലത്തില്‍ ഏറ്റവുമധികം തുകയുമായെത്തുന്ന ടീം പഞ്ചാബ് കിങ്‌സാണ്. അഞ്ച് വിദേശ താരങ്ങളുള്‍പ്പെടെ ഒന്‍പത് കളിക്കാരെ തേടുന്ന കിങ്‌സിന് 53.2 കോടി രൂപ ലേലത്തില്‍ ചെലവഴിക്കാം. 

മലയാളി താരം സഞ്ജു സാംസണ്‍ നായകനാകുന്ന രാജസ്ഥാന്‍ റോയല്‍സാണു ലേലത്തുകയില്‍ രണ്ടാമത്; 37.85 കോടി. മൂന്ന് വിദേശ താരങ്ങളുള്‍പ്പെടെ ഒന്‍പത് പേര്‍ക്കാകും റോയല്‍സിന്റെ വിളിയെത്തുക. 

35.4 കോടിയുള്ള ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സാണു മൂന്നാം സ്ഥാനത്ത്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ കളിക്കാരെ തേടുന്ന ടീമും ബംംഗളൂരുവാണ്. ഡല്‍ഹിയില്‍ നിന്നു രണ്ട് താരങ്ങളെ (ഓസീസ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസും ഹര്‍ഷല്‍ പട്ടേലും) ട്രേഡിങ് വിന്‍ഡോയിലൂടെ സ്വന്തമാക്കിയിട്ടുള്ള ബംഗളൂരുവിന് ഇനി 11 പേരെക്കൂടി കൂടെക്കൂട്ടാം. ഇതില്‍ മൂന്ന് വിദേശ താരങ്ങളും ഉള്‍പ്പെടുന്നു.

കാര്യമായ മാറ്റങ്ങള്‍ക്കു ശ്രമിക്കാത്ത രണ്ട് ടീമുകള്‍ ഹൈദരാബാദും കൊല്‍ക്കത്തയുമാണ്. നിലവിലെ ടീം ഏറെക്കുറെ നിലനിര്‍ത്തിയ ഇരു സംഘങ്ങളും അഞ്ച് താരങ്ങളെ മാത്രമേ റിലീസ് ചെയ്തിട്ടുള്ളൂ. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ വിദേശനിരയിലാണു പ്രകടമായ മാറ്റം. മുംബൈ ഒഴിവാക്കിയ ഏഴില്‍ 5 പേരും വിദേശ താരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com