വയസനായെന്നാണ് ബാഴ്‌സ പറഞ്ഞത്, ഞാന്‍ അവിടെ ബഹുമാനം അര്‍ഹിച്ചിരുന്നു: സുവാരസ് 

തന്റെ പ്രായ കൂടുതല്‍ ചൂണ്ടിക്കാണിച്ചുള്ള ബാഴ്‌സയുടെ നിലപാട് ഇപ്പോഴും തന്നെ അസ്വസ്ഥപ്പെടുത്തുന്നതായി സുവാരസ് പറയുന്നു
സുവാരസ് / ഫയല്‍ ചിത്രം
സുവാരസ് / ഫയല്‍ ചിത്രം

മാഡ്രിഡ്: പ്രായ കൂടുതല്‍ ചൂണ്ടിക്കാണിച്ച് ബാഴ്‌സ ഒഴിവാക്കാന്‍ ശ്രമിച്ചതായിരുന്നു തന്നെ ഏറ്റവും നിരാശപ്പെടുത്തിയതെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നേറ്റ നിര താരം ലൂയിസ് സുവാരസ്. പ്രായ കൂടുതല്‍ മൂലം ഉയര്‍ന്ന ലീഗില്‍ കളിക്കാനാവില്ലെന്ന് ബാഴ്‌സ പറഞ്ഞതായാണ് സുവാരസ് പറയുന്നത്. 

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സുവാരസ് ബാഴ്‌സയില്‍ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് എത്തുന്നത്. തന്റെ പ്രായ കൂടുതല്‍ ചൂണ്ടിക്കാണിച്ചുള്ള ബാഴ്‌സയുടെ നിലപാട് ഇപ്പോഴും തന്നെ അസ്വസ്ഥപ്പെടുത്തുന്നതായി സുവാരസ് പറയുന്നു. അവര്‍ അങ്ങനെ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല. 

മൂന്ന്, നാല് സീസണായി ബാഴ്‌സയ്ക്ക് വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ സമ്മതിക്കാം. എന്നാല്‍ എല്ലാ വര്‍ഷവും ഓരോ സീസണില്‍ ഞാന്‍ 20 ഗോളില്‍ കൂടുതല്‍ ബാഴ്‌സയ്ക്ക് വേണ്ടി നേടിയിരുന്നു. എല്ലായ്‌പ്പോഴും എന്റേത് നല്ല കണക്കുകളായിരുന്നു. മെസിക്ക് തൊട്ടു പിന്നില്‍. ബാഴ്‌സയില്‍ കളിക്കുക എന്നത് എളുപ്പമല്ലെന്ന് ഇപ്പോള്‍ കാണാം. ബാഴ്‌സ ഈ അടുത്ത് കൊണ്ടുവന്ന പല കളിക്കാര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് കളിക്കാനായില്ല. ഞാന്‍ ആറ് വര്‍ഷമാണ് ബാഴ്‌സയില്‍ കളിച്ചത്. എന്നില്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ ഞാന്‍ കാത്തു. 

ബാഴ്‌സയിലെ സാഹചര്യങ്ങള്‍ മാറി. ക്ലബിന് മാറ്റങ്ങള്‍ വേണ്ടിയിരുന്നു. ഞാന്‍ അത് സമ്മതിച്ചു. അതെല്ലാം സംഭവിച്ച വിധമാണ് എന്നെ അസ്വസ്ഥപ്പെടുത്തുന്നത്. ഞാന്‍ ബഹുമാനം അര്‍ഹിച്ചിരുന്നു. എന്റെ വില എല്ലാവര്‍ക്കും കാണിച്ച് കൊടുക്കണം എന്നുറപ്പിച്ചാണ് ഞാന്‍ ഇറങ്ങിയത്. അതിനാലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് പോലൊരു ടീമിലേക്ക് ഞാന്‍ എത്തിയത്, സുവാരസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com