‘എനിക്ക് ഒരു റോളുമില്ല, ഓസ്ട്രേലിയക്കെതിരായ വിജയത്തിന്റെ ക്രഡിറ്റ് ആ കുട്ടികൾക്ക് തന്നെ‘- ​ദ്രാവിഡ്

‘എനിക്ക് ഒരു റോളുമില്ല, ഓസ്ട്രേലിയക്കെതിരായ വിജയത്തിന്റെ ക്രഡിറ്റ് ആ കുട്ടികൾക്ക് തന്നെ‘- ​ദ്രാവിഡ്
രാഹുൽ ദ്രാവിഡ്/ ഫയൽ
രാഹുൽ ദ്രാവിഡ്/ ഫയൽ

ബംഗളൂരു: പുതുമുഖ താരങ്ങളുമായി പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്ര വിജയം നേടിയപ്പോൾ ആരാധകർ മുഴുവൻ അതിന്റെ ക്രഡിറ്റ് നൽകിയത് ഇതിഹാസ ബാറ്റ്സ്മാനും മുൻ ഇന്ത്യ താരവുമായ രാഹുൽ ദ്രാവിഡിനായിരുന്നു. എന്നാൽ വിജയത്തിന്റെ എല്ലാ അവകാശങ്ങളും താരങ്ങൾക്ക് തന്നെയാണെന്ന് ദ്രാവിഡ് വ്യക്തമാക്കി. 

ഗാബയിലെ കടുത്ത വെല്ലുവിളി നിറഞ്ഞ വേദിയിൽ ഉൾപ്പെടെ യുവ താരങ്ങളുടെ കരുത്തിൽ ഇന്ത്യ നേടിയ വിജയത്തിൽ അവരെ പരിശീലിപ്പിച്ച രാഹുൽ ദ്രാവിഡിനും വലിയ പങ്കുണ്ടെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ വിജയത്തിന്റെ എല്ലാ ക്രഡ‍ിറ്റും ആ കുട്ടികൾക്കു തന്നെയാണെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങുകയും ഉമേഷ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്റ തുടങ്ങിയ പ്രമുഖ താരങ്ങൾ പരമ്പരയുടെ വിവിധ ഘട്ടങ്ങളിലായി പരുക്കേറ്റ് പിൻമാറുകയും ചെയ്തു. എന്നിട്ടും പകരമെത്തിയ യുവതാരങ്ങളുടെ മികവിൽ ഇന്ത്യ ഉജ്ജ്വല വിജയം സ്വന്തമാക്കുകയായിരുന്നു.

മുഹമ്മദ് സിറാജ്, ശാർദൂൽ ഠാക്കൂർ, വാഷിങ്ടൻ സുന്ദർ, ഋഷഭ് പന്ത്, നവ്ദീപ് സെയ്നി, ടി നടരാജൻ തുടങ്ങിയ മത്സര പരിചയം ഒട്ടുമില്ലാത്ത താരങ്ങളാണ് ഗാബയിൽ ഉൾപ്പെടെ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഇതോടെയാണ്, ഈ താരങ്ങളെ ഇന്ത്യ അണ്ടർ 19, ഇന്ത്യ എ ടീമുകളിലായി രൂപപ്പെടുത്തിയെടുത്ത ദ്രാവിഡിനെ അഭിനന്ദിച്ചും അദ്ദേഹത്തിനാണ് വിജയത്തിന്റെ യഥാർഥ ക്രെഡിറ്റെന്ന് ചൂണ്ടിക്കാട്ടിയും ആരാധകർ രംഗത്തെത്തിയത്. ഈ താരങ്ങൾ ദേശീയ തലത്തിലേക്ക് പിച്ചവച്ച 2015–2019 കാലഘട്ടത്തിൽ ദ്രാവിഡായിരുന്നു ഇന്ത്യ അണടർ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകൻ. ഇപ്പോൾ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്.

‘നേട്ടത്തിൽ എനിക്ക് ഒരു റോളുമില്ല. ആ കുട്ടികൾ തന്നെയാണ് എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നത്’ – ദി സൺഡേ എക്സ്പ്രസിനോടായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com