മാര്‍ട്ടിനസിന്റെ സുവര്‍ണ തലമുറയ്ക്ക് വീണ്ടും കാലിടറി; ഇറ്റലി-സ്‌പെയ്ന്‍ സെമി പോര്

2018 ലോകകപ്പിലേക്ക് ടിക്കറ്റ് നഷ്ടമായതിന്റെ മുറിവുണക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ഇറ്റലിയുടെ മുന്നേറ്റങ്ങള്‍ക്ക് മുന്‍പില്‍ ലുക്കാക്കുവും കൂട്ടരും വീണു
മാര്‍ട്ടിനസിന്റെ സുവര്‍ണ തലമുറയ്ക്ക് വീണ്ടും കാലിടറി; ഇറ്റലി-സ്‌പെയ്ന്‍ സെമി പോര്


മാര്‍ട്ടിനസിന്റെ സുവര്‍ണ തലമുറയ്ക്ക് ഒരിക്കല്‍ കൂടി കാലിടറി. 2018 ലോകകപ്പിലേക്ക് ടിക്കറ്റ് നഷ്ടമായതിന്റെ മുറിവുണക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ഇറ്റലിയുടെ മുന്നേറ്റങ്ങള്‍ക്ക് മുന്‍പില്‍ ലുക്കാക്കുവും കൂട്ടരും വീണു. 

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇറ്റലി യൂറോ കപ്പിന്റെ സെമി ഉറപ്പിച്ചത്. തോല്‍വി അറിയാതെ മാഞ്ചിനിയുടേയും കൂട്ടരുടേയും 32ാമത്തെ മത്സരം. വെംബ്ലിയില്‍ നടക്കുന്ന സെമിയില്‍ ഇറ്റലി സ്‌പെയ്‌നിനെ നേരിടും. 

13ാം മിനിറ്റില്‍ ബനൂചി ഗോള്‍ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡില്‍ തട്ടിയകന്നു. ഫ്രീകിക്കില്‍ നിന്നായിരുന്നു ബനൂചിയുടെ ഗോള്‍ ശ്രമം. പിന്നാലെ പ്ലേമേക്കര്‍ ഡിബ്രൂയിനിന്റെ ഗോള്‍ ശ്രമം ഒറ്റ കൈകൊണ്ട് തടഞ്ഞ് ഇറ്റാലിയന്‍ ഗോള്‍കീപ്പറുടെ മികച്ച സേവ്. 

31ാം മിനിറ്റില്‍ തന്നെ ബരെല്ലയിലൂടെ ഇറ്റലി ഗോള്‍ വല കുലുക്കി. 44ാം മിനിറ്റില്‍ ഇന്‍സിനെയും ഗോള്‍ വല കുലുക്കിയതോടെ ലോക ഒന്നാം നമ്പര്‍ ടീമിനെതിരെ 2-0ന് ഇറ്റലി ലീഡ് എടുത്തു. 

എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലുക്കാക്കു സ്‌കോര്‍ലൈന്‍ 2-1ലേക്ക് എത്തിച്ചു. ഫുട്‌ബോള്‍ ലോകത്തിന്റെ ശ്വാസം അടക്കിപ്പിടിച്ചിരുന്നപ്പോള്‍ രണ്ടാം പകുതിയില്‍ ഇരുടീമും ഗോള്‍വല കുലുക്കാന്‍ പാകത്തില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. 

സമനില പിടിക്കാന്‍ ലുകാക്കുവില്‍ നിന്ന് വന്ന ശ്രമം ഗോള്‍ ലൈന്‍ ക്ലിയറന്‍സിലൂടെ സ്പിനാസോള തട്ടിയകറ്റി. അസൂരിപ്പടയ്ക്ക് ഡോകു അസ്വസ്ഥത സൃഷ്ടിച്ച് സമനില ഗോളിനായി തുനിഞ്ഞിറങ്ങിയെങ്കിലും സുവര്‍ണാവസരം ബാറില്‍ നിന്ന് ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തില്‍ അകന്നു പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com